അമ്മയ്ക്ക് ഐസിസി വേണ്ടെന്നു തോന്നിയതുകൊണ്ട് രാജിവച്ചു: ശ്വേത മേനോൻ

താര സംഘടനയായ അമ്മയ്ക്ക് ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി വേണ്ടെന്ന് തോന്നിയതുകൊണ്ടാണ് രാജിവച്ചതെന്ന് വൈസ് പ്രസിഡന്റ് ശ്വേത മേനോന്‍. അമ്മയുടെ ഐസിസി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തു നിന്ന് രാജിവെച്ചതിന് കാരണം വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി പുറത്തിറക്കിയ പ്രസ് റിലീസില്‍ ഐസിസിയുടെ പേര് പരാമര്‍ശിക്കാത്തതിനാലാണെന്നും ശ്വേത മേനോന്‍ പറഞ്ഞു.

ഐസിസി അധ്യക്ഷ സ്ഥാനത്ത് നിന്നാണ് ശ്വേത മേനോന്‍ രാജിവെച്ചത്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശ്വേത മേനോന്‍ ഇക്കാര്യം പറഞ്ഞത്.

ശ്വേത മേനോന്റെ വാക്കുകള്‍

ഏപ്രില്‍ 23നാണ് വിജയ്ബാബുവിന്റെ വിഡിയോ കാണുന്നത്. ഇരയുടെ പേര് പറഞ്ഞു എന്ന കാരണത്താലാണ് പെട്ടെന്നുള്ള മീറ്റിങ് കൂടിയത്. ആ മീറ്റിങില്‍‌ വിജയ് ബാബുവിനെ അമ്മയിൽ നിന്നും മാറ്റിനിര്‍ത്തണമെന്ന തീരുമാനമെടുത്തു. അത് ഞങ്ങള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വിട്ടു. എക്‌സിക്യൂട്ടീവ് കമ്മിറ്റി ആണ് തീരുമാനമെടുത്തത്. പത്രക്കുറിപ്പിൽ മാറ്റി നിര്‍ത്തുന്നതില്‍ ഐസിസി നിര്‍ദേശപ്രകാരം എന്ന് ചേര്‍ക്കാത്തതുകൊണ്ട് ഞാന്‍ രാജി വച്ചു. പിന്നെ എനിക്ക് തോന്നി അമ്മയ്ക്ക് യഥാര്‍ത്ഥത്തില്‍ ഐസിസി വേണ്ട. 15ാം തിയതിയിലെ മീറ്റിങില്‍ ഞാന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അതില്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ച് എനിക്ക് അറിയില്ല.

ഇങ്ങനെയൊരു പരാതി വരുമ്പോൾ, തലപ്പത്ത് നില്‍ക്കുന്ന ഒരു ആള്‍ മാറിനില്‍ക്കണം എന്നത് തന്നെയാണ് എന്റെ കാഴ്ചപ്പാട്. പ്രസ് റിലീസില്‍ ഐസിസി എന്ന് ചേര്‍ത്തില്ല എന്നത് തന്നെയാണ് ഞാന്‍ അതില്‍ നിന്ന് പോരാനുണ്ടായ കാരണം. വിജയ് ബാബു സ്വയം മാറിനിന്നതും മറ്റു കാരണങ്ങളും എല്ലാം ശരിയാണ്. ഞാന്‍ വിജയ് ബാബുവിന്റെ കാര്യമല്ല പറയുന്നത്. ഐസിസിയില്‍ നിന്ന് രാജിവയ്ക്കാനുണ്ടായ കാരണം മാത്രമാണ്.

Similar Articles

Comments

Advertismentspot_img

Most Popular