ഇന്ത്യയ്ക്കെതിരേ പ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങൾ…

പ്രവാചക വിരുദ്ധ പരാമർശത്തിൽ ഇന്ത്യയ്ക്കെതിരെ കടുത്ത നിലപാടുമായി വിവിധ രാജ്യങ്ങൾ. ലോകരാജ്യങ്ങൾ ഇന്ത്യയെ പരസ്യമായി ശാസിക്കണമെന്ന് പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു, കൂടുതൽ ഗൾഫ് രാജ്യങ്ങളും പ്രതിഷേധവുമായി രംഗത്തുണ്ട്. രണ്ട് ബി.ജെ.പി നേതാക്കളുടെ ഭാ​ഗത്ത് നിന്നുണ്ടായ പ്രസ്താവനയാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.

പുറത്താക്കപ്പെട്ട ബിജെപി ദേശീയവക്താവ് നൂപുര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ വിവാദപരാമര്‍ശം നടത്തിയതില്‍ പ്രതിഷേധവുമായി കൂടുതല്‍ ഇസ്ലാമിക രാജ്യങ്ങള്‍ രംഗത്തെത്തി. ഖത്തറിനും കുവൈത്തിനും ഇറാനും പുറമെ പ്രസ്താവനയെ സൗദി അറേബ്യയും അപലപിച്ചു. നൂപുര്‍ ശര്‍മയുടെ പ്രസ്താവന അധിക്ഷേപകരമെന്ന് വിശേഷിപ്പിച്ച സൗദി അറേബ്യ മതങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം വേണമെന്നും ആവശ്യപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവന ഇറക്കിയത്.

വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഖത്തര്‍, കുവൈത്ത്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതികളെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രചാരണങ്ങളും നടക്കുന്നുണ്ട്.

മുഹമ്മദ് നബിക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ദേശീയവക്താവ് നൂപുര്‍ ശര്‍മയെയും പാര്‍ട്ടിയുടെ ഡല്‍ഹി ഘടകത്തിന്റെ മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡലിനെയും ബി.ജെ.പി. പ്രാഥമികാംഗത്വത്തില്‍നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

ഗ്യാന്‍വാപി വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയിലായിരുന്നു നൂപുറിന്റെ വിവാദപരാമര്‍ശം. ഇതേച്ചൊല്ലിയാണ് വെള്ളിയാഴ്ച യു.പി.യിലെ കാന്‍പുരില്‍ വന്‍ സംഘര്‍ഷമുണ്ടായത്.

വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. വെറുപ്പ് വിദ്വേഷം മാത്രമേ വളര്‍ത്തൂ. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂ – രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ രീതി കാരണം രാജ്യത്തെ എല്ലാ മതേതര പൗരന്‍മാരും ലജ്ജിച്ച് തലതാഴ്‌ത്തേണ്ട അവസ്ഥയിലാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു. ഇപ്പോള്‍ പ്രവാസി ഇന്ത്യക്കാരും അതിനിരയായിരിക്കുകയാണ്. നാട്ടില്‍ മതഭ്രാന്ത് പ്രകടിപ്പിക്കുന്നവര്‍ വിദേശത്തെ അനന്തരഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും തരൂര്‍ മുന്നറിയിപ്പ് നല്‍കി.

പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പ്രസ്താവനയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ശരീഫും അപലപിച്ചു.

മോദിക്ക് കീഴില്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുകയും മുസ്ലീങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞ പാക് പ്രധാനമന്ത്രി ലോകം ഇന്ത്യയെ കഠിനമായി ശാസിക്കണമെന്നും ആവശ്യപ്പെട്ടു.

KEY WORDS: Saudi Joins Arab Backlash As Prophet Controversy Snowballs

Similar Articles

Comments

Advertismentspot_img

Most Popular