ഇറച്ചിവെട്ടുന്ന യന്ത്രത്തിന്റെ മറവിൽ സ്വർണക്കടത്ത്: ലീഗ് നേതാവിന്റെ മകന്‍ അറസ്റ്റില്‍

കൊച്ചി: ഇറച്ചിവെട്ടുന്ന യന്ത്രത്തിന്റെ മറവിൽ സ്വർണം കടത്തിയ കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. മുസ്ലിം ലീഗ് നേതാവ് ഇബ്രാഹിം കുട്ടിയുടെ മകനും കേസിലെ രണ്ടാംപ്രതിയുമായ ഷാബിൻ, കേസിലെ മൂന്നാംപ്രതി ടിഎ സിറാജുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് കസ്റ്റംസ് കൊച്ചിയിൽ നിന്ന് ഷാബിനെ പിടികൂടിയത്. അതേസമയം, സ്വർണം അയച്ച സിനിമാ നിർമ്മാതാവ് സിറാജുദ്ദീൻ വിദേശത്ത് ഒളിവിലാണെന്നാണ് വിവരം. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഇവരെ വിശദമായ ചോദ്യം ചെയ്തുവരികയാണ്.

കേസിൽ രണ്ടാംപ്രതിയായ ഷാബിൻ ആണ് സ്വർണക്കടത്തിന് വേണ്ടി പണം നിക്ഷേപിച്ചത് എന്ന തെളിവുകൾ കസ്റ്റംസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഷാബിൻ ഉൾപ്പെട്ട സംഘത്തിന്റെ സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. ഇറച്ചിവെട്ടുന്ന യന്ത്രത്തിന്റെ മറവിൽ സ്വർണം കടത്തുന്നു എന്ന വിവരത്തെതുടർന്നാണ് കസ്റ്റംസ് യന്ത്രം പരിശോധിച്ചത്. തുടർന്ന് സ്വർണം കണ്ടെത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സ്വർണം വാങ്ങാനെത്തിയ നകുൽ എന്നയാളെ കസ്റ്റംസ് നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായ പരിശോധനയിൽ ഷാബിന്റെ പങ്ക് കസ്റ്റംസ് കണ്ടെത്തുകയും തൃക്കാക്കര നഗരസഭ വൈസ് ചെയർമാനായ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ പരിശോധന നടത്തുകയും ഷാബിന്റെ പാസ്പോർട്ട് ലാപ്ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവ പരിശോധിച്ചതിൽ നിന്നാണ് ഷാബിൻ വലിയൊരു സ്വർണക്കടത്തിന്റെ കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയത്. നേരത്തേയും ഇതുപോലെ ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ ഇറച്ചിവെട്ട് യന്ത്രം അടക്കമുള്ളവ ഷാബിനും മറ്റു കക്ഷികളും ഇറക്കുമതി ചെയ്തിരുന്നതായാണ് വിവരം.

കേസിലെ പ്രധാനപ്രതിയും സിനിമാ നിർമ്മാതാവുമായ കെ പി സിറാജുദ്ദീനാണ് ഷാബിന് വേണ്ടി സ്വർണം അയച്ചു കൊടുക്കുന്നെന്നാണ് വിവരം. സിറാജുദ്ദീൻ നിലവിൽ വിദേശത്ത് ഒളിവിലാണെന്നാണ് റിപ്പോർട്ട്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തൃക്കാക്കര ‘തുരുത്തേൽ എന്റർപ്രൈസസി’ന്റെ പേരിലെത്തിയ ഇറച്ചി അരിയൽ യന്ത്രത്തിൽ നിന്നാണ് രണ്ടേകാൽ കിലോ സ്വർണം കസ്റ്റംസ് പിടിച്ചത്. ദുബായിൽ നിന്ന് കാർഗോ വിമാനത്തിലാണ് യന്ത്രം നെടുമ്പാശ്ശേരിയിൽ എത്തിയത്. പാഴ്‌സൽ ഏറ്റെടുക്കാൻ വാഹനവുമായി എത്തിയ കാക്കനാട് സ്വദേശി നകുലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തതിൽ നിന്നാണ് ഷാബിന്റെയും സിറാജുദ്ദീൻമാരുടെയും പങ്കാളിത്തം വ്യക്തമായതെന്ന് കസ്റ്റംസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.എ. ഇബ്രാഹിംകുട്ടിയിടെ വീട്ടിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയത്.

കസ്റ്റംസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ, എ.എ. ഇബ്രാഹിംകുട്ടി ബുധനാഴ്ച കൊച്ചി കസ്റ്റംസ് ഓഫീസിൽ ചോദ്യംചെയ്യലിന് രാവിലെ ഹാജരായിരുന്നു. ഉച്ചയ്ക്ക് ഒന്നരവരെ ചോദ്യംചെയ്യൽ നീണ്ടു. തനിക്കോ മകനോ സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് അദ്ദേഹം കസ്റ്റംസിന് മുന്നിൽ ആവർത്തിച്ചു. ആവശ്യമെങ്കിൽ വീണ്ടും അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന.

Similar Articles

Comments

Advertismentspot_img

Most Popular