സംസ്ഥാനത്ത് നാല് പേര്‍ക്കുകൂടി ഒമിക്രോണ്‍; രോഗബാധിതരുടെ എണ്ണം 11 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് എത്തിയ രണ്ടുപേര്‍ക്കും മലപ്പുറത്ത് ഒരാള്‍ക്കും തൃശ്ശൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു.

തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ യു.കെയില്‍നിന്ന് എത്തിയ 17 -കാരനും ഒരാള്‍ ടുണീഷ്യയില്‍നിന്ന് എത്തിയ 44- കാരനുമാണ്. മലപ്പുറത്ത് ടാന്‍സാനിയയില്‍നിന്ന് എത്തിയ 37-കാരനും തൃശ്ശൂരില്‍ കെനിയയില്‍നിന്ന് എത്തിയ 49-കാരിക്കും രോഗം സ്ഥിരീകരിച്ചു.

കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം കെനിയ, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നതല്ല. അതിനാല്‍ ഇവിടെനിന്ന് എത്തിയവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇവരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 കാരന്‍ ഡിസംബര്‍ ഒന്‍പതിന് അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് യു.കെയില്‍നിന്ന് എത്തിയത്. ഈ യുവാവിന്റെ മുത്തശ്ശിയടക്കം സമ്പര്‍ക്ക പട്ടികയിലുണ്ട്. അവരെല്ലാം നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular