ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നില്‍ അമേരിക്കയുടെ പങ്ക് ആരോപിച്ച് ചൈനീസ് മാധ്യമം

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നില്‍ അമേരിക്കയുടെ പങ്ക് ആരോപിച്ച് ചൈന. റഷ്യ- ഇന്ത്യ ആയുധ ഇടപാട് സംബന്ധിച്ചുള്ള അമേരിക്കയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റ്.

റഷ്യയുമായുള്ള എസ്- 400 മിസൈൽ ഇന്ത്യയിലേക്ക് എത്തിക്കുമ്പോൾ അമേരിക്ക ഉയർത്തിയ ആശങ്കയാണ് ഇതിന് കാരണമായി പ്രധാനമായും ചൈന ചൂണ്ടിക്കാട്ടുന്നത്. എഴുത്തുകാരനും സ്ട്രാറ്റജിസ്റ്റുമായ ബ്രഹ്മ ചെൽനിയുടെ ട്വീറ്റ് ഉദ്ധരിച്ചു കൊണ്ടായിരുന്നു ഗ്ലോബൽ ടൈംസിന്റെ ആരോപണം.

സംയുക്ത സൈനിക മേധാവി ജനറൽ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടവും 2020ൽ തായ്വാൻ ചീഫ് ജനറലിന്റെ ഹെലികോപ്ടർ അപകടവും തമ്മിൽ സാമ്യമുണ്ട് എന്നായിരുന്നു ചെൽനിയുടെ ട്വീറ്റ്. തായ്വാൻ ചീഫ് ജനറൽ ഷെൻ യി മിങ് അടക്കം ഏട്ട് പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് മേജർ ജനറലും ഉൾപ്പെടും. രണ്ട് ഹെലികോപ്ടർ അപകടങ്ങളിലും പ്രതിരോധനിരയിലെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ആളുടെ ജീവനെടുത്തു എന്നായിരുന്നു ചെൽനിയുടെ ട്വീറ്റ്. ഇത് പങ്കുവെച്ചു കൊണ്ടായിരുന്നു ഗ്ലോബൽ ടൈംസിന്റെ ആരോപണം.

ചെൽനിയുടെ വാക്കുകൾ വ്യക്തമാക്കുന്നത് ഹെലികോപ്ടർ അപകടത്തിന് പിന്നിൽ അമേരിക്ക പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നാണ്. പ്രതിരോധശേഷിക്ക് കരുത്തേകാനായി ഇന്ത്യ റഷ്യയുടെ പക്കൽനിന്ന് വാങ്ങിയ എസ് -400 മിസൈലിനെതിനെ അമേരിക്ക ശക്തമായ ആശങ്ക അറിയിച്ചിരുന്നുവെന്നും ഗ്ലോബൽ ടൈംസ് ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു.

എസ്-400ന്റെ അഞ്ച് യൂണിറ്റ് വാങ്ങാൻ 2018-ലാണ് ഇന്ത്യ റഷ്യയുമായി 550 കോടി ഡോളറിന്റെ (40,000 കോടി രൂപ) കരാറിൽ ഒപ്പിട്ടത്. റഷ്യ ഇന്ത്യക്ക് എസ്-400 ട്രയംഫ് മിസൈൽ സംവിധാനം കൈമാറിയതിൽ യു.എസ്. ആശങ്കയറിച്ചിരുന്നു. റഷ്യയിൽനിന്ന് ആയുധം വാങ്ങുന്ന രാജ്യങ്ങൾക്കെതിരേ ‘കാറ്റ്‌സ’ പ്രകാരം അമേരിക്ക ഉപരോധമേർപ്പെടുത്താറുണ്ട്. എസ്-400 വാങ്ങിയാൽ ഇന്ത്യ നടപടി നേരിടേണ്ടിവരുമെന്ന് അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

എസ്-400 ഉപയോഗിക്കാനുള്ള ഏതുരാജ്യത്തിന്റെയും തീരുമാനം അപകടകരമാണെന്ന് ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമനും അന്ന് പറഞ്ഞിരുന്നു. നേരത്തെ എസ്-400 വാങ്ങിയതിന്റെ പേരിൽ തുർക്കിക്ക് യു.എസ്. ഉപരോധമേർപ്പെടുത്തുകയും ചെയ്തിരുന്നു.

2020 ജനുവരിയിലാണ് തായ്വാൻ മിലിട്ടറി ചീഫ് ജനറൽ ഷെൻ യി മിങും കൂടെയുണ്ടായിരുന്ന ഏഴ് സൈനികരും ഹെലികോപ്ടർ അപകടത്തിൽ മരിച്ചത്. തായ്പേയ്ക്കടുത്തുവെച്ച് ഇവർ സഞ്ചരിച്ചിരുന്നു യുഎച്ച് – 60 എം ബ്ലാക്ക് ഹോക് ഹെലികോപ്ടർ തകർന്നായിരുന്നു മരണം. വടക്കു കിഴക്കൻ ഭാഗത്തെ ഇലാനിൽ സൈനികരെ സന്ദർശിക്കാനെത്തിയതായിരുന്നു. പർവത നിരകളിലിടിച്ചായിരുന്നു അപകടമുണ്ടായത്. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു ചെൽനിയുടെ ട്വീറ്റ്.

തിരഞ്ഞെടുപ്പിന് തയ്യാറെടുത്തിരുന്ന തായ്വാനിൽ ഈ സംഭവം വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. അപകടത്തിന്റെ കാരണം ഹെലികോപ്ടറിന്റെ തകരാറാണെന്നും കാലാവസ്ഥയുടേതല്ലെന്നുമടക്കമുള്ള ആരോപണങ്ങളും വ്യാപകമായി ഉയർന്നിരുന്നു.

കൂനൂരിലുണ്ടായ അപകടത്തിൽ ഇന്ത്യൻ സംയുക്ത സൈനിക മേധാവി അടക്കം 13 പേരാണ് മരിച്ചത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്.

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്റ്റനന്റ് കേണല്‍ എച്ച്. സിങ്, വിങ് കമാന്‍ഡര്‍ പി.എസ്. ചൗഹാന്‍, സ്‌ക്വാഡ്രന്‍ ലീഡര്‍ കെ. സിങ്, ജെ.ഡബ്ല്യൂ.ഒ. ദാസ്, ജെ.ഡബ്ല്യൂ.ഒ. പ്രദീപ് എ., ഹവീല്‍ദാര്‍ സത്പാല്‍, നായിക് ഗുര്‍സേവക് സിങ്, നായിക് ജിതേന്ദര്‍, ലാന്‍സ് നായിക് വിവേക്, ലാന്‍സ്നായിക് എസ്. തേജ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്‌.

എന്നാൽ ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് തന്റെ വാക്കുകൾ വളച്ചൊടിച്ചു എന്ന് വ്യക്തമാക്കി ചെൽനി രംഗത്തെത്തി. തന്റെ ട്വീറ്റ് ദുരുപയോഗം ചെയ്തുവെന്നും ചൈനയുടെ വികൃതമായ ചിന്താഗതിയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular