സ്റ്റാലിൻ കൈവിട്ടോ..? മുല്ലപ്പെരിയാര്‍: കേരളത്തിനെതിരെ തമിഴ്‌നാട്

ന്യൂഡല്‍ഹി: കേരളത്തിനെതിരെ സുപ്രീം കോടതിയില്‍ നിലപാടുമായി തമിഴ്‌നാട്. ബേബി ഡാം ശക്തിപ്പെടുത്താനുള്ള നീക്കം കേരളം തടസ്സപ്പെടുത്തുന്നതായി തമിഴ്‌നാട് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. 142 അടിയായി ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യവും തമിഴ്‌നാട് മുന്നോട്ടുവച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ കേസ് ശനിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളിയാഴ്ച രാത്രി സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടിയായാണ് തമിഴ്‌നാട് പുതിയ സത്യവാങ്മൂലം.

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലവില്‍ സുരക്ഷിതമാണെന്നാണ് സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് ഉന്നയിക്കുന്ന പ്രധാന വാദം. കേരളം ഉന്നയിക്കുന്നത് പോലുള്ള പ്രതിസന്ധികള്‍ മുല്ലപ്പെരിയാറിന്റെ സാഹചര്യത്തില്‍ ഇല്ല. ബേബി ഡാം ശക്തിപ്പെടുത്തുന്നത് വഴി ജലനിരപ്പ് 152 അടിവരെയായി ഉയര്‍ത്താമെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയ കാര്യവും തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍കര്‍വ് സുപ്രീം കോടതിയും അംഗീകരിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നു.

കേരളത്തിലെ സമീപകാല വിവാദങ്ങളെ സംബന്ധിച്ച് ഒരു വ്യത്യസ്തമായ നിലപാടാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഈ സത്യവാങ്മൂലത്തിലൂടെ സ്വീകരിച്ചിരിക്കുന്നത്. ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാന്‍ കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ വിഷയത്തില്‍ പിന്നീടുണ്ടായ വിവാദങ്ങളൊന്നും പരാമര്‍ശിക്കുന്നുമില്ല. കോടതിയില്‍ തമിഴ്‌നാട് ഈ വിഷയത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നത് നിര്‍ണായകമാണ്.

Similar Articles

Comments

Advertismentspot_img

Most Popular