ചാലക്കുടി: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കി ഒളിവിൽ പോയ യുവാവിനെ പോലീസ് പിടികൂടി. പരിയാരം കൊന്നക്കുഴി കൂനൻ വീട്ടിൽ ഡാനിയലി (23)നെയാണ് ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷും സംഘവും അറസ്റ്റുചെയ്തത്.
പെൺകുട്ടിയുമായി പരിചയത്തിലായ ഡാനിയൽ പലവട്ടം പെൺകുട്ടിയെ വിളിച്ച് സൗഹൃദം ദൃഢമാക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം നാടുവിടുകയായിരുന്നു. ഡാനിയൽ ചതിച്ചതാണെന്ന് മനസ്സിലാക്കിയ പെൺകുട്ടി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
ആദ്യം ആന്ധ്രയിലും തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞ ഡാനിയൽ പിന്നീട് കേരളത്തിലെത്തി. പോലീസ് അന്വേഷിക്കുന്നതായറിഞ്ഞ് ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. ബെംഗളൂരുവിൽനിന്ന് ചാലക്കുടി പോലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യംചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ച ഡാനിയൽ ശാസ്ത്രീയമായ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. എസ്.എച്ച്.ഒ. കെ.എസ്. സന്ദീപ്, അഡീഷണൽ എസ്.ഐ. സജി വർഗ്ഗീസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജൊ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Leave a Comment