യുപിഐ പണമിടപാടിന് ഫോണ്‍ പേ പ്രൊസസിങ് ഫീസ് ഈടാക്കാന്‍ തുടങ്ങി

യുപിഐ പേമെന്റ് ആപ്ലിക്കേഷനായ ഫോണ്‍ പേ പണമിടപാടുകള്‍ നടത്തുന്നതിന് പ്രൊസസിങ് ഫീ ഈടാക്കിത്തുടങ്ങി. 50 രൂപയ്ക്ക് മുകളില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപ മുതല്‍ രണ്ട് രൂപ വരെയാണ് ഈടാക്കുന്നത്. യുപിഐ പണമിടപാടിന് പ്രൊസസിങ് ഫീസ് പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ ഡിജിറ്റല്‍ പേമെന്റ് ആപ്ലിക്കേഷനാണ് ഫോണ്‍ പേ.

വളരെ കുറച്ച് പേര്‍ മാത്രമെ മൊബൈല്‍ റീച്ചാര്‍ജ് പേമെന്റുകള്‍ നടത്തുന്നുള്ളൂ. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. 50 രൂപയില്‍ താഴെ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഫീസ് ഈടാക്കില്ല. 50 രൂപയ്ക്കും നൂറ് രൂപയ്ക്കും ഇടയില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപയും നൂറിന് മുകളില്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ രണ്ട് രൂപയുമാണ് ഫീസ്.

ഏറ്റവും കൂടുതല്‍ യുപിഐ പണമിടപാടുകള്‍ നടക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് ഫോണ്‍പേ. സെപ്റ്റംബറില്‍ മാത്രം 165 കോടി യുപിഐ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍.

അതേസമയം ബില്‍ പേമെന്റുകള്‍ക്ക് രാജ്യത്ത് ആദ്യമായല്ല ചെറിയ തുക ഈടാക്കുന്നത് എന്ന് ഫോണ്‍ പേ പറയുന്നു. മറ്റ് ബില്ലര്‍ വെബ്‌സൈറ്റുകളെല്ലാം തന്നെ പണമിടപാടുകള്‍ക്ക് നിശ്ചിത തുക ഈടാക്കുന്നുണ്ട്.

ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം പോലുള്ള സേവനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് നേരത്തെ തന്നെ നിശ്ചിത തുക ഈടാക്കി വരുന്നുണ്ട്. എന്നാല്‍ യുപിഐ ഇടപാടുകള്‍ സൗജന്യമായാണ് നടത്തിയിരുന്നത്. അതേസമയം തന്നെ പണമിടപാടുകള്‍ക്ക് ചില സമ്മാനങ്ങളും നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാനും പിടിച്ചുനിര്‍ത്താനും ഇവര്‍ മത്സരിക്കുന്നുണ്ട്.

നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യുപിഐ ആപ്പുകളുടെ വിപണി വിഹിതത്തില്‍ 30 ശതമാനം എന്ന പരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ ഒരു പരിധിയില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ഈ സേവനങ്ങള്‍ക്ക് അനുവാദമില്ല. പകരം ഉപഭോക്താക്കളുടെ പണമിടപാടുകള്‍ക്കുള്ള ഫീസുകളും പുറത്തുനിന്നുള്ള സ്ഥാപനങ്ങളുമായുള്ള വാണിജ്യ സഹകരണങ്ങളുമായിരിക്കും ഇത്തരം സേവനങ്ങളുടെ വരുമാന സ്രോതസ്സുകള്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7