സ്വർണക്കടത്ത്: അന്വേഷണത്തുടക്കം പ്രധാനമന്ത്രിക്ക് ലഭിച്ച കത്തിൽനിന്ന്

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോൺസുലേറ്റിലേക്കു വരുന്ന നയതന്ത്രപാഴ്സലിൽ സ്വർണം കടത്തുന്നുണ്ട് എന്ന വിവരം കേന്ദ്ര ഏജൻസികൾക്ക് ആദ്യം ലഭിച്ചതു മുൻ ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) ഉദ്യോഗസ്ഥന്റെ പേരിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ലഭിച്ച കത്തിൽനിന്ന്. വിവരം ശേഖരിക്കാൻ തന്നെ നേരിട്ടുവന്നു കാണുന്നതു തനിക്ക് അപകടമുണ്ടാക്കുമെന്നും 2020 ജനുവരിയിൽ ലഭിച്ച കത്തിലുണ്ടായിരുന്നു.

കസ്റ്റംസിലെ സേവനം പൂർത്തിയാക്കി ഡിആർഐയിലേക്കു സ്ഥലം മാറിയ 2 ഉദ്യോഗസ്ഥർക്കു സ്വർണക്കടത്തു വിവരങ്ങൾ അറിയാമെന്ന സൂചനയും കത്തിലുണ്ടായിരുന്നു. കത്തിനെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിച്ചു.നയതന്ത്ര പാഴ്സൽ വഴി സ്വർണക്കടത്തു നടത്തുന്നതു സംബന്ധിച്ച് ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) റിപ്പോർട്ട് ലഭിച്ചതായി 2020 ഏപ്രിലിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ മുന്നറിയിപ്പു നൽകിയിരുന്നുവെന്ന് കേസിലെ ഒന്നാം പ്രതി പി.എസ്. സരിത് മൊഴി നൽകിയിരുന്നു.

കൂട്ടുപ്രതി സ്വപ്ന സുരേഷിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണു സ്വപ്നയെയും സരിത്തിനെയും പ്രത്യേകം വിളിച്ചു മാറ്റിനിർത്തി ശിവശങ്കർ ഇക്കാര്യം അറിയിച്ചത്. ഇതേ കാലഘട്ടത്തിൽ നടിയെ ബ്ലാക്മെയിൽ ചെയ്തു പണം തട്ടാനും സ്വർണക്കടത്തിൽ കാരിയറാക്കാനും ശ്രമം നടത്തിയ സംഘത്തെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ തിരുവനന്തപുരത്തെ ‘ഡീൽ വുമണെ’ കുറിച്ചുള്ള വിവരങ്ങൾ കേരള പൊലീസിനും ലഭിച്ചു.

സ്വർണക്കടത്തിനും സർക്കാർ പദ്ധതികളുടെ കരാർ ലഭിക്കാനും ഒത്താശ ചെയ്യുന്ന ‘ഡീൽ വുമൺ’ സ്വപ്ന സുരേഷാണെന്നാണു പിന്നീടു വ്യക്തമായത്. കത്തിലെ രഹസ്യ വിവരങ്ങൾ സ്ഥിരീകരിച്ച ശേഷമാണു 2020 ജൂൺ 30നു യുഎഇ കോൺസുലേറ്റിലേക്ക് എത്തിയ 30 കിലോഗ്രാം സ്വർണം അടങ്ങിയ നയതന്ത്ര പാഴ്സൽ, കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമീത് കുമാറിന്റെ നിർദേശ പ്രകാരം തടഞ്ഞുവച്ചു പരിശോധിച്ചത്. അപ്പോഴേക്കു പ്രതികൾ 21 തവണകളായി 153 കിലോഗ്രാം സ്വർണം കടത്തിക്കഴിഞ്ഞിരുന്നു.

അതേസമയം കത്തയച്ച മുൻ ഡിആർഐ ഉദ്യോഗസ്ഥനെ സ്വർണക്കടത്തു പിടിച്ചു 3 മാസത്തിനു ശേഷം കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർ കണ്ടിരുന്നു. എന്നാൽ, അത്തരമൊരു കത്ത് അയച്ചിട്ടില്ലെന്നായിരുന്നു കൊച്ചിയിൽ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹം അറിയിച്ചത്. വിവരങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കാൻ മുതിർന്ന ഡിആർഐ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത മറ്റാരോ മറയാക്കിയതാണെന്നാണു കേന്ദ്ര ഏജൻസികളുടെ നിഗമനം.

Similar Articles

Comments

Advertismentspot_img

Most Popular