പ്രവാസികളെ പിഴിഞ്ഞെടുക്കും; വരുന്നതിന് മുന്‍പും എത്തിയിട്ടും കോവിഡ് ടെസ്റ്റ് വേണം; കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ നിരക്ക് 1700 രൂപ

കേരളത്തിലെ 4 വിമാനത്താവളങ്ങളിലും വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടി.

ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയത്. 1700 രൂപയാണു നിരക്ക്. സ്വകാര്യ ഏജന്‍സികളാണ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

വിദേശങ്ങളില്‍ നിന്ന് യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇതിനും നല്ലൊരു തുക പ്രവാസികള്‍ ചെലവഴിക്കേണ്ടതുണ്ട്. കൂടാതെ 7ദിവസം ക്വാറന്റൈന്‍ എന്നുള്ളത് 14 മണിക്കൂറാക്കി. ചുരുക്കത്തില്‍ നാട്ടിലേക്ക് വരുന്നവര്‍ക്ക് വന്‍ നിബന്ധനകള്‍ വയ്ക്കുകയും വന്‍ പണച്ചെലവ് വേണമെന്ന അവസ്ഥയുമാണ്.

പുതിയ നിയന്ത്രണങ്ങൾ നിലവിൽവന്നതോടെ ഗൾഫ് പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര ഇനി കഠിനമാകും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് യു.എ.ഇ.യിൽനിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക് പോകുന്നവർക്ക് ഫെബ്രുവരി 22-ന് അർധരാത്രിമുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

കുഞ്ഞുങ്ങളടക്കം എല്ലാ പ്രായക്കാർക്കും ഇന്ത്യയിലേക്ക് യാത്രചെയ്യണമെങ്കിൽ ഇനിമുതൽ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കൂടാതെ ഇന്ത്യയിൽ എത്തിയാൽ വിമാനത്താവളത്തിൽതന്നെ സ്വന്തംചെലവിൽ മറ്റൊരു കോവിഡ് പരിശോധനയ്ക്ക് വിധേരാവുകയും 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയുകയും വേണം. ഇതുസംബന്ധിച്ച് പലരിലും ആശയക്കുഴപ്പം നിലവിലുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക വിമാനത്താവളങ്ങളിലും ആർ.ടി.പി.സി.ആർ. പരിശോധന നടത്താനുള്ള ക്രമീകരണങ്ങളില്ലെന്നതാണ് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നത്. പ്രത്യേക സാഹചര്യത്തിൽ അടിയന്തരാവശ്യങ്ങളുള്ളവരാണ് യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവരിൽ ഏറെയും. കേരളത്തിലെ വിമാനത്താവളങ്ങളിൽ യു.എ.ഇ.യിൽ നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധനയില്ല. കേരളത്തിൽ ഏഴുദിവസത്തെ ക്വാറന്റീനുശേഷം പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാൽ പുറത്തിറങ്ങാം. പരിശോധന നടത്തിയില്ലെങ്കിൽ 14 ദിവസവും ക്വാറന്റീൻ വേണമെന്നതാണ് വ്യവസ്ഥ.

പുതിയ നിയന്ത്രണങ്ങൾ വന്നതോടെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികുടുംബങ്ങളിൽ പലരും യാത്ര ഒഴിവാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരു കുടുംബത്തിലെ കുഞ്ഞുങ്ങൾ ഉൾപ്പെടെ നാലോ അഞ്ചോ പേർക്ക് ഒറ്റത്തവണ യാത്രചെയ്യണമെങ്കിൽ വേണ്ടിവരുന്ന കോവിഡ് പരിശോധനാഫീസും ടിക്കറ്റ്നിരക്കുമാണ് യാത്ര വേണ്ടെന്നുവെക്കാൻ പ്രേരിപ്പിക്കുന്നത്. നേരത്തെ 12-ന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് മാത്രമായിരുന്നു കോവിഡ് പരിശോധന നിർബന്ധമായിരുന്നത്. അതേസമയം നേരത്തെ ടിക്കറ്റെടുത്തുവെച്ചവർക്ക് കോവിഡ് പരിശോധന നടത്താൻ വേണ്ടത്ര സമയം ലഭിച്ചത് ആശ്വാസമാണെന്ന് അരൂഹ ടൂർസ് ആൻഡ് ട്രാവൽസ് എം.ഡി. റാഷിദ് അബ്ബാസ് പറഞ്ഞു. 135 ദിർഹം (ഏകദേശം 2666 രൂപ) മുതലാണ് യു.എ.ഇ.യിൽ കോവിഡ് പരിശോധനാ ഫീസ്. ഉമ്മുൽഖുവൈൻ വിസയിലുള്ളവർക്ക് അൽസലാമ ഹെൽത്ത് സെന്ററിൽ പരിശോധന സൗജന്യമാണ്.

യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് മുൻകാലങ്ങളെ അപേക്ഷിച്ച് കുറവുണ്ട്. 300 ദിർഹം (ഏകദേശം 5924 രൂപ) മുതൽ ടിക്കറ്റുകൾ ലഭിക്കും. എന്നാൽ കുഞ്ഞുങ്ങൾക്കും പരിശോധന നടത്തേണ്ടിവരുന്നതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. അതേസമയം വിമാനടിക്കറ്റെടുത്തവർക്ക് യാത്രയ്ക്ക് മുൻപ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാൽ ഒട്ടുമിക്ക എയർലൈനുകളും റീഫണ്ട് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അല്ലെങ്കിൽ എയർലൈനുകളിൽ അപേക്ഷിച്ചാൽ കോവിഡ് നെഗറ്റീവ് ആയശേഷം യാത്രചെയ്യാൻ സംവിധാനമൊരുക്കും. നിലവിൽ യു.എ.ഇ. വിസ നടപടികളിൽ ഇളവ് വരുത്തിയത് ആശ്വാസമാണ്.

ഓർത്തിരിക്കേണ്ടവ

* www.newdelhiairport.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് എയർ സുവിധാ സെൽഫ് ഡിക്ലറേഷൻ ഫോറം പൂരിപ്പിച്ച് സമർപ്പിക്കുക. ഇവർക്ക് മാത്രമേ യാത്ര ചെയ്യാനാവൂ.

* കുടുംബത്തിൽ ആരെങ്കിലും മരിച്ചതിനെത്തുടർന്ന് നാട്ടിലേക്ക് തിരിക്കുന്നവർക്ക് ഇന്ത്യാസർക്കാരിന്റെ പുതിയ നിർദേശപ്രകാരം പരിശോധനാഫലം ഇല്ലാതെ യാത്ര അനുവദിക്കും. ഇതിനായി എയർസുവിധ പോർട്ടൽ www.newdelhiairport.in വഴി അപേക്ഷിക്കണം. സർക്കാരായിരിക്കും അന്തിമ തീരുമാനമെടുക്കുക. എല്ലാവരും ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യുകയും വേണം.

* ആരോഗ്യപ്രശ്‌നങ്ങൾ പ്രത്യക്ഷത്തിലില്ലാത്തവരെ തെർമൽ സ്‌കാനിങ്ങിന് വിധേയരാക്കും.

* യൂറോപ്പ്, ദക്ഷിണാഫ്രിക്ക, യു.കെ., ബ്രസീൽ എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് വെവ്വേറെ മാനദണ്ഡങ്ങളാണ്.

* ടിക്കറ്റെടുത്ത വിമാനക്കമ്പനിയുമായോ, ട്രാവൽ ഏജന്റുമായോ യാത്ര പുറപ്പെടുന്നതിനുമുൻപ് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുക.

Similar Articles

Comments

Advertismentspot_img

Most Popular