എന്‍എച്ച്എഐ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സൗജന്യം

കൊച്ചി: നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ (എന്‍എച്ച്എഐ)യുടെ നിയന്ത്രണത്തിലുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സൗജന്യമായി ലഭ്യമാകും. മാര്‍ച്ച് 1 വരെ ഈ പദ്ധതി തുടരുമെന്നാണ് വിവരം. ഫാസ്ടാഗ് ഉപയോഗം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണിത്.

എന്‍എച്ച്എഐക്ക് കീഴിലെ രാജ്യത്തൊട്ടാകെയുള്ള ദേശീയ, സംസ്ഥാന ഹൈവേകളിലെ 770 ടോള്‍ പ്ലാസകള്‍ വഴിയാണ് ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഫാസ്ടാഗ് നല്‍കുക. കഴിഞ്ഞ രണ്ടു ദിവസം 2.5 ലക്ഷം ഫാസ്ടാഗുകളുടെ വില്‍പ്പന നടന്നിരുന്നു. 60 ലക്ഷത്തോളം ഇടപാടുകളുമായി ഫാസ്ടാഗിലൂടെ പ്രതിദിന ടോള്‍ പിരിവ് ബുധനാഴ്ച 95 കോടി രൂപ കവിയുകയും ചെയ്തു.

ടോള്‍ പ്ലാസകളിലെ ഫാസ്ടാഗ് ഉപയോഗം 87 ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കില്‍ ഫാസ്ടാഗില്‍ ബാലന്‍സ് ഉള്ളവര്‍ക്ക് ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാതെ യാത്ര തുടരാനാവും. ഫാസ്ടാഗില്ലാത്ത ഉപയോക്താക്കള്‍ ടോള്‍ പ്ലാസകളില്‍ ഇരട്ടി ടോള്‍ നല്‍കേണ്ടിവരുമെന്ന് എന്‍എച്ച്എഐ അറിയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular