ചെന്നൈയിലെത്തിയതിനു പിന്നാലെ ശശികലയുടെ സ്വത്ത് കണ്ടുകെട്ടി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴിയും എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന വി.കെ. ശശികലയുടെ ദ്രാവിഡ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് തടയാന്‍ എടപ്പാടി പളനിസ്വാമി വിഭാഗം യത്‌നങ്ങള്‍ ആരംഭിച്ചു. ചെന്നൈയിലെത്തിയതിനു പിന്നാലെ ശശികലയുടെ 250 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി.

ചെന്നൈയില്‍ ആറിടങ്ങളിലായുള്ള ബംഗ്ലാവും ഭൂമിയുമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. കാഞ്ചീപുരത്തെ 144 ഏക്കര്‍ ഫാം ഹൗസ്, ചെന്നൈ അതിര്‍ത്തിയിലെ 14 ഏക്കര്‍ ഭൂമി, മൂന്ന് വസതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ബെനാമി കമ്പനികളുടെ പേരിലായിരുന്ന ഈ സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലുള്ള ശശികലയുടെ 100 കോടിയിലധികം രൂപ മൂല്യംവരുന്ന സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു.

അനധികൃത സ്വത്ത്‌സമ്പാദന കേസില്‍ നാലുവര്‍ഷത്തെ ജയില്‍ വാസത്തിനും കോവിഡ് ചികിത്സയ്ക്കും ശേഷം ഇന്നു രാവിലെയാണ് ശശികല ചെന്നൈയില്‍ എത്തിയത്. 23 മണിക്കൂര്‍ നീണ്ട റോഡ് ട്രിപ്പിനുശേഷമായിരുന്നു ചിന്നമ്മ എന്ന വിളിപ്പേരുള്ള ശശികലയുടെ ചെന്നൈ പ്രവേശം. അനന്തരവനും അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവുമായ ടി.ടി.വി. ദിനകരനും യാത്രയിലുടനീളം ശശികലയ്ക്ക് ഒപ്പമുണ്ടായിരുന്നു. അണ്ണാഡിഎംകെയുടെ യഥാര്‍ത്ഥ നേതാവ് താന്‍ തന്നെയാണെന്ന് പ്രഖ്യാപിക്കുന്നതിനുള്ള നീക്കങ്ങളാണ് ശശികലയുടെ നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ട്.

Similar Articles

Comments

Advertismentspot_img

Most Popular