കർഷകസമരം: ജിയോ വരിക്കാർ വിട്ടുപോകാൻ കാരണം എയർടെൽ, വി, നടപടി സ്വീകരിക്കണമെന്ന് കമ്പനി

വോഡാഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവർക്കെതിരെ കർശന നടപടിയെടുക്കാൻ ആവശ്യപ്പെട്ട് മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ട്രായിക്ക് കത്ത് നൽകി. കഴിഞ്ഞ ദിവസങ്ങളിലായി ധാരാളം വരിക്കാരിൽ നിന്ന് പോർട്ട് ഔട്ട് അപേക്ഷകൾ വരുന്നുണ്ട്. പോർട്ട് ചെയ്യാൻ വരുന്ന വരിക്കാർക്ക് പരാതികളോ മറ്റ് പ്രശ്നങ്ങളോ ഇല്ലാതെയാണ് ജിയോയിൽ നിന്ന് പുറത്തേക്ക് പോകുന്നത്. ഇതിന്റെ ഏക കാരണം ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന എതിരാളികളുടെ ക്യാംപെയിൻ ആണെന്നും ടെലികോം റെഗുലേറ്ററിന് അയച്ച കത്തിൽ ജിയോ കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന കർഷകരുടെ പ്രതിഷേധം മുതലാക്കാൻ എയർടെൽ, വി കമ്പനികൾ ഒന്നിച്ച് ജിയോക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്. ഇത്തരം തെറ്റായ വഴികൾ സ്വീകരിച്ചതിന് വോഡഫോൺ ഐഡിയയ്ക്കും ഭാരതി എയർടെലിനും എതിരെ കർശന നടപടിയെടുക്കണമെന്നാണ് ജിയോ ആവശ്യപ്പെട്ടത്.

ഫരീദാബാദ്, ബഹദൂർഗഡ്, ചണ്ഡിഗഢ്, ഫിറോസ്പൂർ, എൻ‌സി‌ആർ, പഞ്ചാബ് എന്നിവിടങ്ങളിലെ ചില്ലറ വ്യാപാരികൾ റിലയൻസ് ജിയോയിൽ നിന്ന് പോർട്ട് ഔട്ട് ചെയ്യുന്നതിനു ഉപഭോക്താക്കളെ പ്രോൽസാഹിപ്പിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ജിയോ സിം കാർഡുകളും ഫോണുകളും ഉൾപ്പെടെ റിലയൻസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന 50,000 ഓളം കർഷകരുടെ പിൻബലത്തിലാണ് ഇത്. ജിയോ മൊബൈൽ നമ്പറുകൾ അവരുടെ നെറ്റ്‌വർക്കിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നത് കർഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന ഒരു നടപടിയാകുമെന്ന് മുൻ‌കൂട്ടി അവകാശവാദം ഉന്നയിച്ച് അവർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നും ട്രായ് സെക്രട്ടറി എസ്.കെ. ഗുപ്തയ്ക്ക് അയച്ച കത്തിൽ ജിയോ പറഞ്ഞു.

അതേസമയം, ഭാരതി എയർടെൽ ആരോപണങ്ങൾ നിരാകരിച്ചു. ട്രായിക്ക് നൽകിയ ജിയോയുടെ പരാതി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കമ്പനി വക്താവ് പറഞ്ഞു. 25 വർഷമായി ടെലികോം മേഖലയിൽ പ്രവർത്തിച്ചിരുന്ന എയർടെൽ വിപണിയിൽ കഠിനമായി മത്സരിക്കുകയും ഉപഭോക്താക്കളെ മികച്ച രീതിയിൽ സേവിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, എതിരാളികളോടും പങ്കാളികളോടും മാന്യമായി പെരുമാറുന്നതിൽ കമ്പനി അഭിമാനിക്കുന്നുവെന്നും സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള കമ്പനി അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular