ഐ ഫോണ്‍ കുരുക്കും: യൂണിടാക് കൊടുത്ത ഫോണിലൊന്ന് ശിവശങ്കറിന്റെ കൈയില്‍

കൊച്ചി: വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ നിർമ്മാണക്കരാറിനായി യൂണിടാക് ഉടമ കമ്മീഷൻ തുകയ്ക്ക് പുറമെ വാങ്ങിനൽകിയ അഞ്ച് ഐ ഫോണുകളിൽ ഒന്ന് ലഭിച്ചത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്. സ്വപ്ന പറഞ്ഞത് അനുസരിച്ച് വാങ്ങിനൽകിയ ഫോണുകളിൽ ഒരു ലക്ഷം രൂപയോളം വിലവരുന്ന ഫോണാണ് കേസിലെ അഞ്ചാം പ്രതിയായ ശിവശങ്കർ ഉപയോഗിച്ചിരുന്നത്.

താൻ ഉപയോഗിക്കുന്ന ഫോണുകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ശിവശങ്കർ എഴുതി നൽകിയ വിവരത്തിലൂടെയാണ് യൂണിടാക് നൽകിയ ഫോണാണ് ഇതിലൊന്നെന്ന് വ്യക്തമായത്.

ഉപയോഗിക്കുന്ന രണ്ടു ഫോണുകളുടെ ഐഎംഇഐ നമ്പറുകളാണ് ശിവശങ്കർ ഇ.ഡിക്ക് നൽകിയത്. അതിലൊരു ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ യൂണിടാക്ക് കോടതിയിൽ സമർപ്പിച്ച ഫോണുകളുടെ വിവരത്തിലുമുണ്ട്. ഒരു ലക്ഷത്തോളം രൂപയാണ് ഫോണിന്റെ വില. യൂണിടാക് ഹൈക്കോടതിയിൽ ആറ് ഐഫോണുകളുടെ ഇൻവോയിസ് നൽകിയിട്ടുണ്ട്.

ലൈഫ് പദ്ധതിയിലും ശിവശങ്കറിന്റെ ഇടപെടൽ വ്യക്തമായതോടെ ഇതുമായി ബന്ധപ്പെട്ട കേസുകളിലും അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നുറപ്പായി. യൂണിടാക് സ്വപ്ന വഴി കൈമാറിയ ഐഫോണുകൾ ലഭിച്ചവരെ സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണ് നിലവിൽ ശിവശങ്കറുള്ളത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇതിലൊരു ഫോൺ ലഭിച്ചിട്ടുണ്ടെന്ന സന്തോഷ് ഈപ്പന്റെ സത്യവാങ്മൂലത്തിലെ പരാമർശം വിവാദമായിരുന്നു. എന്നാൽ പിന്നീട് രമേശ് ചെന്നിത്തലയ്ക്ക് എന്ന് പറഞ്ഞാണ് സ്വപ്ന വാങ്ങിയത് എന്നാണ് അദ്ദേഹം മൊഴി നൽകിയതെന്ന വിവരം പുറത്തുവന്നു.

Similar Articles

Comments

Advertismentspot_img

Most Popular