കൂടുതല്‍ നല്ലത് ഏകാധിപത്യം’; വിവാദ പരാമര്‍ശവുമായി വിജയ് ദേവരകൊണ്ട

മുഴുവന്‍ ജനങ്ങളെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ജനാധിപത്യത്തെക്കാള്‍ കൂടുതല്‍ മികച്ചത് ഏകാധിപത്യമാണെന്നും തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ട. ഫിലിം കമ്പാനിയന്‍ സൗത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജനാധിപത്യത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായങ്ങള്‍ ദേവരകൊണ്ട പ്രകടിപ്പിച്ചത്. പല തെന്നിന്ത്യന്‍ താരങ്ങളെയുംപോലെ ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന അഭിമുഖകാരന്‍റെ ചോദ്യത്തിന് ദേവരകൊണ്ടയുടെ മറുപടി ഇങ്ങനെ..

“രാഷ്ട്രീയ പ്രവര്‍ത്തനത്തിനുവേണ്ട ക്ഷമ എനിക്കില്ല. ഒരു തരത്തില്‍ ഈ രാഷ്ട്രീയ വ്യവസ്ഥ തന്നെ എന്തെങ്കിലും അര്‍ഥമുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. അതുപോലെയാണ് തെരഞ്ഞെടുപ്പുകളുടെ കാര്യവും. മുഴുവന്‍ ജനത്തെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് എന്‍റെ പക്ഷം. ഉദാഹരണത്തിന് നിങ്ങള്‍ മുംബൈയ്ക്ക് പോകാന്‍ ഒരു വിമാനത്തില്‍ കയറുന്നുവെന്ന് കരുതുക. അതിലെ എല്ലാ യാത്രക്കാരും ചേര്‍ന്നാണോ വിമാനം ആര് പറപ്പിക്കണമെന്ന് തീരുമാനിക്കുക? അല്ല, ഏത് എയര്‍ലൈന്‍ കമ്പനിയുടേതാണോ ആ വിമാനം അവരാണ് അത് പറപ്പിക്കാന്‍ അനുയോജ്യനായ ഒരാളെ കണ്ടെത്തുന്നത്.”

“പണവും വില കുറഞ്ഞ മദ്യവുമൊക്കെ കൊടുത്ത് വോട്ട് വാങ്ങുന്ന പരിഹാസ്യമായ കാഴ്ചകളാണ് നാം കാണുന്നത്. വോട്ട് ചെയ്യാന്‍ പണക്കാരെ മാത്രം അനുവദിക്കണമെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. വിദ്യാസമ്പന്നരായ, ചെറിയ തുക നല്‍കി സ്വാധീനിക്കാനാവാത്ത മധ്യവര്‍ഗ്ഗത്തെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്. എല്ലാവരെയും അനുവദിക്കരുതെന്ന് പറയാന്‍ കാരണം സ്വാധീനത്തിന് വഴങ്ങി വോട്ട് ചെയ്യുന്നവരില്‍ പലര്‍ക്കും ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്നോ എന്തിനുവേണ്ടിയാണ് വോട്ട് ചെയ്യുന്നതെന്നോ പോലും അറിയില്ല. പണവും മദ്യവുമുപയോഗിച്ച് വോട്ട് വാങ്ങുന്ന ഒരു തെരഞ്ഞെടുപ്പില്‍ ഞാന്‍ സ്ഥാനാര്‍ഥിയാവില്ല. ഈ സമ്പ്രദായത്തിനു പകരം ഒരു ഏകാധിപതി ആയാല്‍ എന്തുകൊണ്ട് തെറ്റല്ല എന്നും ഞാന്‍ ചിന്തിക്കുന്നു. അതാണ് മുന്നോട്ടു പോവാനുള്ള ഒരു വഴി. സമൂഹത്തില്‍ വ്യത്യാസമുണ്ടാക്കാന്‍ കഴിയുന്ന മാര്‍ഗ്ഗം അതാണ്. ‘മിണ്ടാതിരിക്കൂ, എനിക്ക് നല്ല ഉദ്ദേശങ്ങളാണ് ഉള്ളത്. നിങ്ങള്‍ക്ക് ഗുണകരമാവുന്ന കാര്യങ്ങള്‍ എന്തെന്ന് ഒരുപക്ഷേ നിങ്ങള്‍ക്കുതന്നെ അറിയില്ലായിരിക്കാം. അതിനാല്‍ അഞ്ചോ പത്തോ വര്‍ഷം കാത്തിരിക്കുക. അതിനുള്ള ഫലം ലഭിക്കും’- ഇങ്ങനെ പറയുന്ന ഒരാളാണ് വരേണ്ടത്. പക്ഷേ ഒരു നല്ല വ്യക്തിയാവണം ആ സ്ഥാനത്തേക്ക് വരേണ്ടത്”, വിജയ് ദേവരകൊണ്ട പറയുന്നു.

ഫിലിം കമ്പാനിയന്‍ സൗത്തിനുവേണ്ടി ഭരദ്വാജ് രംഗനും അനുപമ ചോപ്രയും ചേര്‍ന്നു നടത്തിയ വിജയ് ദേവരകൊണ്ടയുടെ പൂര്‍ണ്ണ അഭിമുഖം ഒരു മാസം മുന്‍പാണ് പ്രസിദ്ധീകരിച്ചിരുന്നത്. അതില്‍ ചേര്‍ക്കാതെ വിട്ടുകളഞ്ഞ ഭാഗങ്ങള്‍ ഇന്ന് അവര്‍ പുറത്തിറക്കുകയായിരുന്നു. അതിലാണ് വിജയ് ദേവരകൊണ്ടയുടെ രാഷ്ട്രീയ കാഴ്ചപ്പാട് പങ്കുവെക്കുന്നത്. അതേസമയം വീഡിയോയുടെ യുട്യൂബ് ലിങ്കിലുതാഴെ വലിയ ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്.  

Similar Articles

Comments

Advertismentspot_img

Most Popular