സംഗീതം ഒരക്ഷരം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാകുമോ? 40,000 പാട്ടുകള്‍! ഒറ്റ ദിവസം തന്നെ 21 പാട്ട് വരെ റിക്കോര്‍ഡ് ചെയ്ത് റെക്കോര്‍ഡ് നേടി

എസ്.പി. ബാലസുബ്രഹ്മണ്യത്തിനെപ്പോലെ മറ്റൊരു പാട്ടുകാരന്‍ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ടാവില്ല. പാട്ട് അതിന്റെ പരമാവധി സാധ്യതയില്‍ നാം കേട്ടത് എസ്.പി. ബാലസുബ്രഹ്മണ്യത്തിലൂടെയാണ് എന്ന തന്നെ പറയാം. ‘ശങ്കരാഭരണ’ത്തിലെ ശാസ്ത്രീയ ഗാനങ്ങള്‍ പാടി ദേശീയ അവാര്‍ഡ് വരെ വാങ്ങിയ ഈ ഗായകന്‍ സംഗീതം ഒരക്ഷരം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെന്ന് ആരെങ്കിലും വിശ്വസിക്കുമോ? ‘കേളടി കണ്‍മണി’യില്‍ ഒറ്റശ്വാസത്തില്‍ ‘മണ്ണില്‍ ഇന്ത കാതല്‍…’ , മേഘങ്ങളോളം ഉയര്‍ന്നു സഞ്ചരിക്കുന്ന ‘ഇളയ നിലാ…'(പയനങ്കള്‍ മുടിവതില്ലൈ), മലയാളത്തിലെ ലക്ഷണമൊത്ത കവ്വാലിയായ ‘സ്വര്‍ണമീനിന്റെ ചേലൊത്ത…'(സര്‍പ്പം), മരിക്കാത്ത കാല്‍പ്പനികതയായ ‘താരാപഥം ചേതോഹരം…'(അനശ്വരം)… അങ്ങനെ എത്രയോ വ്യത്യസ്ത അനുഭൂതികള്‍…

ശാസ്ത്രീയവും തനി നാടനും ഒരേമട്ടില്‍ വഴങ്ങുന്ന ശബ്ദം, കൊഞ്ചിയും കരഞ്ഞും ഇഴഞ്ഞും കുതിച്ചും…. അങ്ങനെ ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ എന്തിനും പോന്നവനാകുന്നു ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന പ്രിയപ്പെട്ട എസ്പിബി. നമ്മുടെ രാജ്യത്തെ ഏറ്റവും അനായാസ ഗായകന്‍!

ഇയാള്‍ ഉറങ്ങാറില്ലേ? എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ കലാസംഭാവനകളുടെ കണക്കെടുക്കുമ്പോള്‍ ആരും ഇങ്ങനെ ചോദിച്ചുപോകും. അത്ര ബൃഹത്താണ് എസ്പിബി എന്ന മൂന്നക്ഷരം. 1966ല്‍ എസ്.പി. കോദണ്ഡപാണിയുടെ സംഗീതത്തില്‍ ‘ശ്രീശ്രീശ്രീ മര്യാദ രാമണ്ണ’ എന്ന ചിത്രത്തില്‍ പാടിത്തുടങ്ങിയ അദ്ദേഹം ഈണവര്‍ഷങ്ങളുടെ ഹാഫ് സെഞ്ച്വറിയും കടന്നിരിക്കുന്നു. എത്രയോ കോടി മനസ്സുകളെ ഓരോ ദിനവും ഈ സ്വരം ഉമ്മ വച്ചുണര്‍ത്തുന്നു, ഉറക്കുന്നു…

ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടി റിക്കോര്‍ഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോര്‍ഡ് 40,000 പാട്ടുകള്‍! ഒറ്റ ദിവസം തന്നെ 21 പാട്ട് റിക്കോര്‍ഡ് ചെയ്തും അദ്ദേഹം സംഗീത ലോകത്തിന് അദ്ഭുതമായിട്ടുണ്ട്. 1981 ഫെബ്രുവരി എട്ട് രാവിലെ ഒന്‍പതു മുതല്‍ ഒന്‍പതുവരെയുള്ള 12 മണിക്കൂറിലാണ് ഉപേന്ദ്രകുമാര്‍ എന്ന സംഗീത സംവിധായകനുവേണ്ടി എസ്പിബി 21 കന്നഡഗാനങ്ങള്‍ ബെംഗളൂരുവിലെ ഒരു സ്റ്റുഡിയോയില്‍ റിക്കോര്‍ഡ് ചെയ്തത്. മാതൃഭാഷയില്‍പോലുമായിരുന്നില്ല ഈ പ്രകടനം എന്നോര്‍ക്കണം. പിന്നീട് ഒരു ദിവസം 19 തമിഴ് പാട്ടുകള്‍ പാടിയും മറ്റൊരു 12 മണിക്കൂറില്‍ 16 ഹിന്ദി ഗാനങ്ങള്‍ റിക്കോര്‍ഡ് ചെയ്തും ഇദ്ദേഹം സഹഗായകരെ അമ്പരിപ്പിച്ചിട്ടുണ്ട്.

ദിവസം ശരാശരി മൂന്നു പാട്ട് റിക്കോര്‍ഡ് ചെയ്യുക എന്നതായിരുന്നു എസ്പിബിയുടെ കണക്ക്. 15 വരെയൊക്കെ നീളുന്നത് സാധാരണം. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല, ഹിന്ദി ഉള്‍പ്പെടെ മിക്ക ഇന്ത്യന്‍ ഭാഷകളിലും ഇദ്ദേഹം പാടി. രാജ്യത്ത് ഇത്രപെട്ടെന്നു പാട്ട് പഠിച്ചെടുക്കുന്ന ഗായകരില്ലെന്നു സംഗീത സംവിധായകരുടെ സാക്ഷ്യപത്രം.

Similar Articles

Comments

Advertismentspot_img

Most Popular