കൊറോണ വൈറസിന് വീണ്ടും ജനിതക മാറ്റം

കോവിഡ് മഹാമാരിക്ക് കാരണമായ നോവല്‍ കൊറോണ വൈറസില്‍ പുതിയതരത്തിലുള്ള ജനിതക മാറ്റം സംഭവിക്കുന്നതായി പുതിയ പഠനം. ഇതോടെ വൈറസ് കൂടുതല്‍ വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ളതായിത്തീരുന്നെന്നും പഠനം പറയുന്നു. അയ്യായിരത്തിലധികം ജനിതക മാതൃകകള്‍ ഉപയോഗിച്ച് നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്. അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമാകുന്നതായി പഠനത്തില്‍ പറയുന്നില്ലെന്നും വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാത്രമല്ല, വൈറസിന്റെ വൈദ്യശാസ്ത്രപരമായ സവിശേഷതകളും പഠനത്തില്‍ വ്യക്തമായിട്ടില്ല. എന്നാല്‍ വ്യാപനത്തിനുള്ള ശേഷി വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

നിലവില്‍ ജനങ്ങളില്‍ വലിയതോതില്‍ പടര്‍ന്നിരിക്കുന്ന വൈറസ് കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. വൈറസിന്റെ ഈ സവിശേഷത രോഗത്തെ തടയാനുള്ള ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കും. എന്നാല്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ഗവേഷണത്തില്‍ വൈറസിനെ സംബന്ധിച്ച ഇത്തരമൊരു പഠനം വലിയ ഗുണം ചെയ്യുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.

പ്രാഥമികമായ പഠനം മാത്രമാണ് നടന്നിരിക്കുന്നതെന്നും കൂടുതല്‍ വിലയിരുത്തലുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഈ കണ്ടെത്തല്‍ വിധേയമാകേണ്ടതുണ്ടെന്നും പഠനത്തെ വിലയിരുത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസിലെ ഗവേഷകനായ ഡേവിഡ് മോറെന്‍സ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular