2020 പകുതിയോടെ ഇന്ത്യയിലെ 3.7 കോടി വിഡിയോ ടിക്ടോക് നീക്കം ചെയ്തു

ബെയ്ജിങ്: നിർദേശങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ഇന്ത്യയിൽനിന്നുള്ള 3.7 കോടി വി‍ഡിയോകള്‍ ടിക്ടോക് നീക്കം ചെയ്തിരുന്നതായി റിപ്പോർട്ട്. 2020 പകുതിയോടെ വിഡിയോകൾ നീക്കം ചെയ്തെന്ന് ബൈറ്റ്ഡാൻസിന്റെ സുതാര്യത റിപ്പോർട്ടിൽ പറയുന്നു. തെറ്റായ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കുന്നതിന് ടിക്ടോക് എടുക്കുന്ന നടപടിയാണ് ഇതിലൂടെ കമ്പനി അടിവരയിടുന്നത്.

ജൂൺ അവസാനത്തോടെയാണ് ടിക്ടോക്കിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയത്. ഇന്ത്യയിൽ ആപ്പ് സ്റ്റോറിൽനിന്നും ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും ഇത് നീക്കം ചെയ്തു. 2020ന്റെ ആദ്യപകുതിയിൽ 3,76,82,924 വിഡിയോകളാണ് ഇന്ത്യയിൽ നീക്കം ചെയ്തത്. ടിക്ടോക് നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് രാജ്യാന്തരതലത്തിൽ 10,42,43,719 വിഡിയോകളാണ് നീക്കം ചെയ്തിട്ടുള്ളത്.

ഈ വിഡിയോകളിൽ 96.46 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മുൻപുതന്നെ മാറ്റിയിട്ടുള്ളതാണ്. 90.32 ശതമാനം വ്യൂ ലഭിക്കുന്നതു മുൻപും മാറ്റിയെന്ന് കമ്പനി റിപ്പോർട്ടിൽ പറയുന്നു. ഉപയോക്താവിന്റെ വിവരങ്ങൾക്കായി 42 രാജ്യങ്ങളിൽ, മാർക്കറ്റുകളിൽ നിന്ന് 1,768 അപേക്ഷകളാണ് ലഭിച്ചത്. 15 രാജ്യങ്ങളിൽ, മാർക്കറ്റുകളിൽ നിന്നുള്ള കണ്ടന്റ് മാറ്റണമെന്നും അല്ലെങ്കിൽ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സർക്കാർ ഏജൻസികളിൽനിന്നുള്ള 121 അപേക്ഷകളും ലഭിച്ചു. കോപ്പി റൈറ്റുള്ള 10,625 കണ്ടന്റുകളും ടിക്ടോക്കിൽ നിന്ന് നീക്കം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യ, ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, സ്പെയിൻ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽ ഫാക്ട് ചെക്കിങ് ടിക്ടോക് നൽകിയിരുന്നു. കോവിഡ് സബ് കാറ്റഗറി ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുന്ന കണ്ടന്റുകൾ നീക്കം ചെയ്യാനുള്ള അവസരവും ടിക്ടോക്കിൽ ഒരുക്കിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular