437 ദിവസത്തിനുശേഷം ക്രീസിൽ, ‘ഔട്ട്’ വിളിച്ച് സ്വീകരിച്ച് അംപയർ…! ധോണിയുടെ ബാറ്റിങ്ങിനായി കാത്തിരുന്ന ആരാധകർ

അബുദാബി: ആരാധകരുടെ സാമാന്യം നീണ്ട കാത്തിരിപ്പിനൊടുവിൽ 437 ദിവസങ്ങൾക്കുശേഷം വീണ്ടും കളത്തിലിറങ്ങിയ ധോണി മുംബൈയ്ക്കെതിരായ ഐപിഎൽ പോരാട്ടത്തിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ പുറത്തായെങ്കിലും ഡിആർഎസിലൂടെ ഔട്ടിൽനിന്ന് രക്ഷപ്പെട്ടു. ചെന്നൈ ഇന്നിങ്സിലെ 19–ാം ഓവറിലാണ് സംഭവം. കോവിഡ് വ്യാപനം നിമിത്തം വൈകിയെത്തിയ ഈ വർഷത്തെ ഐപിഎലിന്റെ പ്രധാന ആകർഷണം മഹേന്ദ്രസിങ് ധോണിയുടെ മടങ്ങിവരവായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനെതിരെ റണ്ണൗട്ടായി മടങ്ങിയശേഷം ധോണിയെ കളത്തിൽ കണ്ടിട്ടില്ല. അന്നുമുതലുള്ള കാത്തിരിപ്പ് തീർന്ന ഇന്നലെ ‘സിങ്കം സ്റ്റൈലി’ലാണ് ധോണിയെത്തിയത്. രണ്ടാം വരവിലെ ബാറ്റിങ്ങിൽ ‘ഇൻട്രോ സീൻ‌’ പാളിയെങ്കിലും ‘ധോണി റിവ്യൂ സിസ്റ്റം’ എന്നുകൂടി വിളിപ്പേരുള്ള ഡിആർഎസ് രക്ഷയ്‌ക്കെത്തി.

മത്സരത്തിൽ ടോസ് നേടിയ ധോണി മുംബൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. സൂപ്പർതാരത്തിന്റെ ബാറ്റിങ് കാണാനുള്ള ആരാധകരുടെ കാത്തിരിപ്പ് ഇതോടെ നീണ്ടു. പിന്നീട് 163 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിൽത്തന്നെ രണ്ടു വിക്കറ്റ് നഷ്ടമായതോടെ രക്ഷകവേഷമണിയാൻ ധോണി നേരത്തേ ഇറങ്ങേണ്ടി വരുമോ എന്ന സന്ദേഹമുയർന്നതാണ്. എന്നാൽ, റായുഡുവും ഡുപ്ലേസിയും ക്ലിക്കായതോടെ കാത്തിരിപ്പ് നീണ്ടു. റായുഡുവും അധികം വൈകാതെ ജഡേജയും വീണതോടെ ആരാധകർ കളത്തിൽ പ്രതീക്ഷിച്ചത് ധോണിയെ. വന്നത് സാം കറൻ.

രണ്ട് സിക്സറുകൾ സഹിതം ആറു പന്തിൽ 18 റൺസുമായി ബുമ്ര എറിഞ്ഞ 19–ാം ഓവറിലെ രണ്ടാം പന്തിൽ കറൻ പുറത്തായതോടെയാണ് കാത്തിരിപ്പ് അവസാനിപ്പിച്ച് ധോണി ക്രീസിലെത്തുന്നത്. ക്രീസിലെത്തി രണ്ടു പന്തിന്റെ ഇടവേളയ്ക്കുശേഷം ഡുപ്ലേസി സ്ട്രൈക്ക് ധോണിക്ക് കൈമാറി. അങ്ങനെ രണ്ടാം വരവിലെ ആദ്യ പന്തിൽ ധോണി നേരിട്ടത് ബുമ്രയെ. ഈ സമയത്ത് ചെന്നൈ വിജയത്തിന് അരികിലായിരുന്നു. ആദ്യ പന്ത് ധോണിയുടെ ബാറ്റിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പാഞ്ഞ് വിക്കറ്റ് കീപ്പറിന്റെ കൈയ്യിലെത്തി. മുംബൈ താരങ്ങളുടെ അപ്പീൽ സ്വീകരിച്ച് അംപയർ ക്യാച്ച് ഔട്ട് അനുവദിച്ചു. പന്തിൽ തൊട്ടില്ലെന്ന് ഉറപ്പുള്ള ധോണി തീരുമാനം റിവ്യൂ ചെയ്തു. അപംയർ തീരുമാനം തിരുത്തേണ്ടി വന്നു. ഒരു പന്തു കൂടി നേരിട്ട ധോണി പ്രത്യേകിച്ചൊന്നും ചെയ്യേണ്ടി വന്നില്ലെങ്കിലും ‘ഗോൾഡൻ ഡക്കി’ൽനിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസം ആരാധകർക്ക്.

നേരത്തെ, ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്) വിജയകരമായി എടുക്കുന്ന ധോണിയുടെ ഈ സീസണിലെ ആദ്യത്തെ റിവ്യൂ തീരുമാനം പാളിയതിനും മത്സരം സാക്ഷിയായി. മുംബൈ ഇന്നിങ്സിന്റെ 14-ാം പീയൂഷ് ചൗളയുടെ ഗൂഗ്ലി മുംബൈ ബാറ്റ്സ്മാൻ സൗരഭ് തിവാരിയുടെ പാഡിൽ കൊണ്ട ധോണി എൽബിഡബ്ലിയു പ്രതീക്ഷിച്ച് റിവ്യൂവിനു പോവുകയായിരുന്നു. പന്ത് ഓഫ്സ്റ്റംപ് മിസ് ചെയ്യുമെന്ന നിഗമനത്തിൽ ചൗള മടിച്ചു നിന്നെങ്കിലും ധോണി റിസ്കെടുത്തു. റീപ്ലേയിൽ ചൗളയുടെ ഊഹം ശരിയായി. അംപയറുടെ നോട്ടൗട്ട് തീരുമാനവും. പിന്നീടാണ് സ്വയം ഔട്ടിൽനിന്ന് രക്ഷപ്പെടാൻ ധോണി ഡിആർഎസ് വിജയകരമായി പരീക്ഷിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular