ഇനിയൊരു ജന്മമുണ്ടെങ്കിൽ ലൈംഗിക തൊഴിലാളിയായി ജീവിക്കണം : നളിനി ജമീല

ഇന്ത്യയിൽ, കേരളത്തിൽ, തൃശൂരിൽ ഒരു നളിനി ജമീല ജീവിച്ചിരുന്നു. അവർ 23–ാം വയസ്സുമുതൽ 65 വയസ്സുവരെ സെക്സ് വർക്കറായിരുന്നു. ജീവിച്ചിരുന്നു എന്നതുകൊണ്ടു തന്നെ അവർക്കൊരു ജീവിതകഥയുമുണ്ട്. കേൾക്കുന്നവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സ്വന്തം കഥ അവർ പറഞ്ഞു തുടങ്ങി ‘ഞാൻ ലൈംഗിക തൊഴിലാളി’ എന്ന ആത്മകഥയിലൂടെ. അങ്ങനെ വെളിച്ചത്ത് തള്ളിപ്പറയുകയും ഇരുട്ടത്ത് തപ്പി ഇറങ്ങുകയും ചെയ്ത സമൂഹത്തോട് അവർ തന്റെ ജീവിതം ഉറക്കെ വിളിച്ചു പറഞ്ഞു. ലൈംഗികതയെ കുറിച്ച് തുറന്നു പറയാൻ ഭയപ്പെടുന്ന ഒരു സമൂഹത്തിൽ നളിനി ജമീല എന്ന എഴുത്തുകാരിയുടെ ആത്മകഥ ചൂടപ്പം പോലെ വിറ്റു പോയി.

പിന്നെയും തനിക്ക് പറയാനുള്ളതൊക്കെയും നളിനി ജമീല തുറന്നു പറഞ്ഞു. ലൈംഗിക തൊഴിലാളികളെ ദയനീയരായ ഇരകളായും അവരെ സമീപിക്കുന്നവരെ ക്രൂരരും ശക്തരുമായ ആക്രാന്തകാരികളായും കണ്ടാരുന്ന പൊതുധാരണകളെ പൊളിച്ചെഴുതിക്കൊണ്ട് നളിനിയുടെ ‘എന്റെ ആണുങ്ങൾ’ എന്ന പുസ്തകം പുറത്തുവന്നു.

ശേഷം ‘ഞാൻ ലൈംഗിക തൊഴിലാളി’ എന്ന ആത്മകഥയുടെ രണ്ടാംഭാഗവുമായി വീണ്ടും എത്തിയിരിക്കുകയാണ് നളിനി ജമീല. ഞാൻ ലൈംഗിക തൊഴിലാളി എന്ന പുസ്തകം പുറത്തിറങ്ങിയതിനു ശേഷമുള്ള ജീവിതവും ആദ്യപുസ്തകത്തിൽ പറയാതെ വിട്ടവയുമാണ് ‘ഒരു ലൈംഗിക തൊഴിലാളിയുടെ പ്രണയപുസ്തകം’ എന്ന അത്മകഥയുടെ രണ്ടാംഭാഗത്തിൽ ഉൾച്ചേർത്തിരിക്കുന്നത്.

മക്കൾക്ക് ഒരു നല്ല ജീവിതം എന്ന ലക്ഷ്യത്തോടെ പണം സമ്പാദിച്ച് അവർക്കായി മാറ്റിവയ്ക്കുമ്പോഴും അവരെ ഒന്നു കാണാനുള്ള അവസരം പോലും നിഷേധിക്കപ്പെടുകയും, മക്കളുടെ നല്ലഭാവിക്ക് എന്നോർത്ത് അതിന് തുനിയാതിരിക്കുകയും ചെയ്ത നളിനി എന്ന അമ്മ. കുട്ടിക്കാലം മുതൽ സ്വന്തം വീട്ടിൽ തന്നെ ഒരു റിബലായി ജീവിച്ച, എ​വിടെയും ഒരിഞ്ച് താഴാൻ മനസ്സ് അനുവദിക്കാത്ത നളിനി എന്ന ആത്മാഭിമാനിയായ സ്ത്രീ, സാധ്യമായതിൽ വെച്ച് ഏറ്റവും നല്ല വരുമാനം ലഭിക്കുന്ന ജോലി തിരഞ്ഞെടുത്ത നളിനി എന്ന ലൈംഗികതൊഴിലാളി, വാസവദത്തയെ പോലെ പ്രണയനായകനായി കാത്തിരുന്ന നളിനി എന്ന പ്രണയിനി, മാധവിക്കുട്ടിയെ, സാഹിത്യത്തെ, സിനിമയെ, സൂസന്നയെ, ക്ലാരയെ സ്നേഹിക്കുന്നവൾ… ഇങ്ങനെ നളിനി എന്ന വ്യക്തിത്വം പല വിധത്തിൽ അടയാളപ്പെട്ടു കിടപ്പുണ്ട് ഈ പുസ്തകത്തിൽ.

പലജീവിതങ്ങളും പലവീക്ഷണങ്ങളും പല അവസ്ഥകളും പറഞ്ഞുവയ്ക്കപ്പെടുന്നു. പുസ്തകത്തിൽ എഴുത്തുകാരി തന്നെ ആവശ്യപ്പെടുന്നത് ഇങ്ങനെ– ‘ഞാൻ ഈ പ്രായത്തിലും സെക്സ് വർക്കർ എന്ന ഐ‍ഡന്റിറ്റിയിൽ നിൽക്കുമ്പോൾ, ഒരു ശരീരം കീറിമുറിച്ചു പഠിക്കുന്നപോലെ ജീവനുള്ള എന്നെ കീറിമുറിച്ചു പഠിക്കാനാണ് ‍ഞാൻ ഗവേഷകരോട് അഭ്യർഥിക്കുന്നത്.’

രണ്ടുപേർക്ക് തുല്ല്യപങ്കാളിത്തമുള്ള ഒന്നിൽ, ഒരാൾ തെറ്റുകാരിയും മറ്റെയാൾ നീതിമാനും ആകുന്ന സമൂഹവ്യവസ്ഥിതിയിൽ ‘ഒരു സെക്സ് വർക്കറെ കുറ്റക്കാരി എന്നാരോപിച്ചു ജയിലിൽ ആക്കുമ്പോൾ 90 ദിവസത്തിൽ 50 ക്ലൈന്റ് എങ്കിലും അവർക്ക് ഉണ്ടായിരുന്നു എന്നോർക്കണം. ഈ അൻപത് ക്ലൈന്റിനെയും മാന്യതയുടെ പരിവേഷം നൽകികൊണ്ട് വെറുതെ വിടുകയാണ് ചെയ്യുന്നത്. ഇവിടെ എവിടെയാണ് നീതി?’ എന്ന നളിനി ജമീലയുടെ ചോദ്യം മുഴങ്ങുന്നുണ്ട്. ഒരു മനുഷ്യനെന്ന നിലയിൽ സ്വയം പുതുക്കപ്പെടാൻ വേണ്ടിയെങ്കിലും ഈ പുസ്തകം വായിക്കപ്പെടേണ്ടതുണ്ട്.

എഴുത്തുകാരിയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ആത്മകഥ അവസാനിക്കുന്നില്ല. ‘എന്റെ പൊള്ളുന്ന ജീവിതം തുടരും. ഇനിയൊരു ജന്മമുണ്ടെങ്കിൽ ലൈംഗിക തൊഴിലാളിയായി ജീവിക്കണം എന്ന് അഭിമാനത്തോടെ പറഞ്ഞ്, ഈ പുസ്തകം, കപടസദാചാര വാദികളല്ലാത്ത സുമനസ്സുകൾക്കു മുന്നിൽ സമർപ്പിക്കുന്നു.’

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...