ബിനീഷിന്റെ ചുരുക്കപ്പേരു വച്ച് ‘ബികെ47’ എന്ന ബ്രാന്‍ഡില്‍ ഷര്‍ട്ടുകള്‍ ഇറക്കി; അനൂപിന്റെ മൊഴി

ബെംഗളൂരു: കൊച്ചിയിലെ വസ്ത്രവ്യാപാരം പരാജയപ്പെട്ട സമയത്ത് അടുത്ത സുഹൃത്തെന്ന നിലയില്‍ ബിനീഷ് കോടിയേരി സഹായിച്ചിട്ടുണ്ടെന്നും അതിനുള്ള നന്ദിയായി ബിനീഷിന്റെ ചുരുക്കപ്പേരു വച്ച് ‘ബികെ47’ എന്ന ബ്രാന്‍ഡില്‍ ഷര്‍ട്ടുകള്‍ ഇറക്കിയതായും ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ അനൂപ് മൊഴി നല്‍കി.

വസ്ത്രവ്യാപാരവും ഹോട്ടല്‍ ബിസിനസും പരാജയപ്പെട്ടു തുടങ്ങിയപ്പോഴാണു ലഹരിമരുന്നു വില്‍പനയിലേക്കു കടന്നതെന്നാണ് അനൂപിന്റെ കുറ്റസമ്മത മൊഴി. അടുത്ത ബന്ധുക്കള്‍ക്കും ബിനീഷ് അടക്കമുള്ള സുഹൃത്തുക്കള്‍ക്കും ഇക്കാര്യം അറിയില്ലെന്നും അനൂപ് മൊഴി നല്‍കി

”2013ല്‍ ബെംഗളൂരുവില്‍ എത്തിയതു മുതല്‍ ആഫ്രിക്കന്‍ സംഘങ്ങളില്‍ നിന്നു വിദ്യാര്‍ഥികള്‍ക്കു ലഹരി ഗുളികകള്‍ എത്തിച്ചിരുന്നു. 2015 ല്‍ റസ്റ്ററന്റ് തുടങ്ങി. സാമ്പത്തിക സഹായം നല്‍കിയത് ബിനീഷാണ്. 2018 ല്‍ പ്രതിസന്ധി മൂലം റസ്റ്ററന്റ് മറ്റൊരു ഗ്രൂപ്പിനു കൈമാറി. ഈ വര്‍ഷമാദ്യം വീണ്ടും ഹോട്ടല്‍ തുടങ്ങിയെങ്കിലും കോവിഡ് കാരണം നഷ്ടമായി. തുടര്‍ന്നാണ് വീണ്ടും ലഹരിമരുന്ന് എത്തിച്ചുതുടങ്ങിയത്.”

അതേസമയം ലഹരിമരുന്നു കേസില്‍ ഗോവ സ്വദേശി എഫ്. മുഹമ്മദിനെ (30) നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു. കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെയാളായ മുഹമ്മദ് ഗോവ കലാങ്കുട്ടെ ബീച്ചിലെ റിസോര്‍ട്ടില്‍ ഡ്രൈവറാണ്. ഗോവയില്‍ നിന്നു ബെംഗളൂരുവിലേക്കു വ്യാപകമായി ലഹരിമരുന്ന് എത്തിച്ചതിന്റെ തെളിവുകളും എന്‍സിബി കണ്ടെത്തി. സിനിമാ രംഗത്തുള്ളവര്‍ക്കാണ് ഇതു വിതരണം ചെയ്തിരുന്നതെന്നാണു മുഹമ്മദിന്റെ മൊഴി.

അതേസമയം അനൂപ് അടുത്ത സുഹൃത്താണെന്ന് ബിനീഷ് കോടിയേരി. സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഹോട്ടല്‍ ബിസിനസിന് 6 ലക്ഷം രൂപ നല്‍കി. അറസ്റ്റിലാകുന്നതിനു 2 ദിവസം മുന്‍പു വിളിച്ചിരുന്നു. നാട്ടിലേക്കു വരാന്‍ പണമില്ലെന്നു പറഞ്ഞപ്പോള്‍ 15,000 രൂപ നല്‍കി. ലഹരി ഇടപാടുണ്ടെന്ന് അറിയില്ലായിരുന്നു ബിനീഷ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular