അടുത്ത വർഷം കലണ്ടറുകളും ഡയറികളും അച്ചടിക്കേണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് 19 പശ്ചാത്തലത്തിൽ രാജ്യത്തെ സമ്പദ്ഘടന അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് മന്ത്രാലയങ്ങളോടും വകുപ്പുകളോടും കലണ്ടറുകളും ഡയറികളും ഉൾപ്പടെയുളളവയുടെ അച്ചടി നിർത്തിവെക്കാനും ഡിജിറ്റൽ ഫോർമാറ്റിൽ ഓൺലൈനിൽ പ്രസിദ്ധീകരിക്കാനും നിർദേശിച്ച് കേന്ദ്രം. അനാവശ്യ ചെലവുകൾ ചുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ നീക്കം.

അടുത്തവർഷത്തെ ഉപയോഗത്തിനായി ഏതെങ്കിലും മന്ത്രാലയങ്ങൾ, ഡിപ്പാർട്ട്മെന്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവ ചുമർ കലണ്ടറുകൾ, ഡെസ്ക്ടോപ്പ് കലണ്ടറുകൾ, ഡയറികൾ തുടങ്ങിയവ അച്ചടിക്കുന്നതിനുളള പ്രവർത്തനങ്ങൾ നടത്തേണ്ടെന്നാണ് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറങ്ങിയത്.

നിലവിലെ സാഹചര്യത്തിൽ ലോകം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കാര്യക്ഷമത വർധിപ്പിച്ച് മുന്നോട്ടുപോകുകയാണ്. കേന്ദ്രസർക്കാരും ഇത് പിന്തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കോവിഡ് പശ്ചാത്തലത്തിൽ സമ്പർക്ക സാധ്യതകൾ ഒഴിവാക്കുന്നതിനായി ലോകമെമ്പാടും ഔദ്യോഗിക രേഖകളുൾപ്പടെ എല്ലാം ഡിജിറ്റലിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular