പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു. കുന്നത്തുകാലില്‍ തട്ടിട്ടമ്പലം സ്വദേശി അനു(28)ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

പി.എസ്.സിയുടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലെ 76-ാം റാങ്കുകാരനായിരുന്നു അനു. റാങ്ക് ലിസ്റ്റ് റദ്ദായതിനെ തുടര്‍ന്ന് അനു കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.

ജോലി കിട്ടാത്തതിലുള്ള മാനസിക വിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പില്‍ അനു എഴുതിവെച്ചിരുന്നു. കൂലിപ്പണി ചെയ്താണ് അനു ബിരുദപഠനം പൂര്‍ത്തായാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അനു ഉള്‍പ്പെട്ട ലിസ്റ്റിന് ഒരു വര്‍ഷത്തെ കാലാവധി ആയിരുന്നു ഉണ്ടായിരുന്നത്‌. അത് ഈ ഏപ്രിലില്‍ അവസാനിച്ചു. തുടര്‍ന്ന് കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടുമാസം കൂടി സര്‍ക്കാര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി. ജൂണ്‍ 20 വരെ ആയിരുന്നു റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത്.

കാലാവധി നീട്ടിക്കിട്ടിയ ഈ സമയത്തിനിടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഏഴുപേര്‍ക്കു കൂടി അഡൈ്വസ് മെമ്മോ അയക്കാന്‍ സാധിച്ചുവെന്ന് പി.എസ്.സി. അറിയിച്ചു. റാങ്ക് ലിസ്റ്റിലുള്ള 72 പേര്‍ക്കാണ് നിയമനം ലഭിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular