18 മാസത്തിനിടയില്‍ 65 കാരി പ്രസവിച്ചത് 13 കുട്ടികളെ; 59 കാരി എട്ടു തവണ പ്രസവിച്ചു..!!!

പ്രസവ സുരക്ഷയുമായി ബന്ധപ്പെട്ട് ബീഹാര്‍ സര്‍ക്കാറിന്റെ ധനസഹായ പദ്ധതിയില്‍ നടന്നത് വമ്പന്‍ സാമ്പത്തീക തട്ടിപ്പ്. 65 കാരിയും 59 കാരിയും ഉള്‍പ്പെടെ ഒരു ഗ്രാമത്തിലെ 18 സ്ത്രീകള്‍ ഗര്‍ഭിണികളാണെന്ന് കാട്ടി സാമൂഹാരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ പണം അടിച്ചു മാറ്റി. പണം തട്ടാന്‍ സാമൂഹാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടാക്കിയ വ്യാജ പട്ടികയില്‍ 18 മാസത്തിനിടയില്‍ 65 കാരി 13 കുട്ടികളെ പ്രസവിച്ചു, 59 കാരി പ്രസവിച്ചത് എട്ടു കുട്ടികളെ. സംഭവത്തില്‍ സാമൂഹാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരേ കേസെടുത്തു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ബാങ്ക് അക്കൗണ്ടുകള്‍ വഴി കൈമാറിയിരുന്ന ധനസഹായ വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ഓരോ പ്രസവത്തിനും സ്ത്രീകള്‍ക്ക് 1,400 രൂപയും ഗര്‍ഭിണികളെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുന്ന ആശാ വര്‍ക്കര്‍ക്ക് 600 രൂപ വീതവും കിട്ടും. ഇത് മറയാക്കിയായിരുന്നു പണം തട്ടിയത്. സംഭവം പുറത്തു വന്നത് മുസാഫര്‍പൂര്‍ ജില്ലയിലെ ചോട്ടി കോതിയ ഗ്രാമത്തിലെ 65 കാരി ലീലാ ദേവിയെ തേടി എസ്ബിഐ യുടെ സര്‍വീസ് പോയിന്റ് ഉദ്യോഗസ്ഥന്‍ രംഗത്ത വന്നതോടെയാണ്. ആറ് മക്കളുള്ള ലീലാ ദേവിയുടെ ഇളയ മകന് 21 വയസ്സുണ്ട്. പക്ഷേ മുഷാഹരി ബ്‌ളോക്ക് സാമൂഹ്യരോഗ്യ കേന്ദ്രത്തിന്റെ റെക്കോഡില്‍ കഴിഞ്ഞ 18 മാസത്തിനിടെ ഇവര്‍ ജന്മം നല്‍കിയത് 13 കുട്ടികള്‍ക്കാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതേസമയം ഒരു പ്രസവം പോലും ഇവരൊട്ട് അറിഞ്ഞിട്ടു പോലുമില്ല.

ആഗസ്റ്റ് 6 ന് പണം നല്‍കുന്ന എസ്ബിഐയുടെ കസ്റ്റമര്‍ സര്‍വീസ് പോയിന്റ് പ്രവര്‍ത്തകന്‍ ഇവരുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയാണ് വിവരം പുറത്തു വരാന്‍ കാരണമായത്. മറ്റൊരു അക്കൗണ്ടിലേക്ക് പോകേണ്ട പണം ഇവരുടെ അക്കൗണ്ടില്‍ വന്നു വീണതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാനായിരുന്നു ഇയാള്‍ എത്തിയത്. ലീലാദേവിയോട് ബാങ്കിന്റെ ഇടപാട് സേവന പോയിന്റില്‍ വന്ന് ഫോമില്‍ വിരലടയാളം പതിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇത്തരം ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയം തോന്നിയ ലീലാദേവി പിറ്റേന്ന് കസ്റ്റമര്‍ സര്‍വീസ് പോയിന്റിലേക്ക് പോകുന്നതിന് പകരം മുഷഹാരി ബ്‌ളോക്ക് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കാണ് ചെന്നത്. അവിടെ പട്ടിക പരിശോധിച്ചപ്പോഴാണ് തന്റെ ഗ്രാമത്തിലെ മറ്റ് 17 പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും തൊട്ടടുത്ത രാഹുവ ഗ്രാമത്തിലുള്ളവര്‍ വരെ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നും അറിഞ്ഞത്.

പക്ഷേ ഗുണഭോക്താക്കളില്‍ ആരും തന്നെ ഗര്‍ഭിണികള്‍ ആയിരുന്നില്ല എന്ന് മാത്രമല്ല ഗര്‍ഭിണിയാകാനുള്ള പ്രായം കടന്നു പോയവരും കൗമാരം കഴിഞ്ഞ മക്കളുള്ളവരുമായിരുന്നു. ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡെലിവറി പദ്ധതിക്ക് കീഴില്‍ ഒരാള്‍ക്ക് 1,400 രൂപയും ഇവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുന്ന ആശാ വര്‍ക്കര്‍ക്ക് 600 രൂപ വെച്ചും കിട്ടും. ആഗസ്റ്റ് 2 ന് ഇത്തരത്തില്‍ 18 സ്ത്രീകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളില്‍ പണമെത്തിയതായി അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. ഈ അക്കൗണ്ടുകളെല്ലാം പ്രവര്‍ത്തിപ്പിച്ചിരുന്നത് കസ്റ്റമര്‍ സര്‍വീസ് പോയിന്റ് ഓപ്പറേറ്റര്‍ സുശീല്‍കുമാറാറയിരുന്നു.

പട്ടിക പ്രകാരം ലീലാദേവിയെ പോലെ ചോട്ടി കോതിയ ഗ്രാമത്തിലെ 59 കാരിയായ ഷീലാദേവി 13 മാസത്തിനിടയില്‍ ജന്മം നല്‍കിയത് എട്ടു കുട്ടികള്‍ക്കായിരുന്നു. ഒരു ദിവസം തന്നെ ഇവര്‍ രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കിയതായി വരെ രേഖപ്പെടുത്തിയിരുന്നു. നാലു കുട്ടികള്‍ ഉള്ള ഷീലാദേവിയുടെ ഇളയ മകള്‍ക്ക് വയസ്സ് 17 ആയി എന്നതാണ് യാഥാര്‍ത്ഥ്യം. ലീലാ ദേവിയാണ് ഷീലാദേവിയുടെ പേരും ഉള്ള വിവരം പറഞ്ഞത്. ഇത്തരം ഒരു ഇടപാടിനെ കുറിച്ച് തന്നെ താന്‍ അറിഞ്ഞത് ലീലാദേവി പറഞ്ഞപ്പോള്‍ ആയിരുന്നെന്നായിരുന്നു ഇവരുടെ പ്രതികരണം.

സംഭവത്തില്‍ മുസാഫര്‍പൂര്‍ പോലീസ് സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ അക്കൗണ്ടന്റ് അവാധേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തിരിക്കുകയാണ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. കേസ് എടുത്തിട്ടില്ലെങ്കിലും എസ്ബിഐ യുടെ കസ്റ്റമര്‍ സര്‍വീസ് പോയിന്റ് ഓപ്പറേറ്റര്‍ സുശീല്‍ കുമാര്‍ സംഭവം പുറത്തായ ശേഷം സര്‍വീസ് പോയിന്റ് ഇതുവരെ തുറന്നിട്ടില്ല. സംഭവത്തോടെ പ്രസവവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തിനിടയില്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും അനുവദിക്കപ്പെട്ട സാമ്പത്തീക വിനിമയം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular