മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രം: ഷാഫി പറമ്പില്‍

തിരുവനന്തപുരം: കേരളത്തില്‍ ഒരു സര്‍ക്കാരും ഇന്നേവരെ രാജ്യദ്രോഹ കേസിന് അന്വേഷണ വിധേയരാവേണ്ട അവസ്ഥയുണ്ടായിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എം.എല്‍എ. നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.

ഇ.എം.എസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള ഭരണകാലയളവില്‍ എന്തൊക്കെ ആക്ഷേപം ഉണ്ടായിട്ടുണ്ടെങ്കിലും എന്‍.ഐ.എ കേരളത്തിന്റെ സെക്രട്ടറിയേറ്റിന്റെ പടിയും കടന്ന് അകത്തേക്ക് വരുന്ന സാഹചര്യം ഒരാളും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതൊന്നും ഈ ന്യായീകരണ തിലകങ്ങള്‍ക്കൊന്നും അറിയാഞ്ഞിട്ടില്ല. പക്ഷേ പാര്‍ട്ടി പറയുന്നതിലപ്പുറം പാടാന്‍ ആര്‍ജവമില്ലാത്തവരായി മാറിയതുകൊണ്ടാണ് ഇങ്ങനെ വന്ന് ന്യായീകരിക്കേണ്ടി വരുന്നത്. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസിന്റെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസായി മാറികൊണ്ടിരിക്കുകയാണെന്നും ഷാഫി പറഞ്ഞു.

ഒരു ഗണ്‍മാന്റെ പേരില്‍ ഇപ്പോഴും ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍, സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ഉണ്ടാക്കി കൊടുത്ത സൗകര്യങ്ങളുടെ നീണ്ട പട്ടിക ഓരോ ദിവസവും പുറത്തു വന്നിട്ടും അതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന പറയുന്നവരോട് ഒന്നേ പറയാനുള്ളൂ. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്വപ്‌ന സുരേഷിനെ ജോലിക്കെടുക്കണമെന്ന് കണ്‍സള്‍ട്ടന്‍സിയോട് ആവശ്യപ്പെടുന്നത് ശിവശങ്കറാണ്. ആ ശിവശങ്കര്‍ വഴി അവര്‍ ജോലിക്ക് കയറുന്നു. ആ ശിവശങ്കര്‍ അവര്‍ക്ക് ഫ്‌ളാറ്റ് ഒരുക്കി കൊടുക്കുന്നു. ആ ശിവശങ്കര്‍ തന്നെ സ്‌പെയ്‌സ് പാര്‍ക്കില്‍ നിയമനം കൊടുക്കുന്നു. ആ ശിവശങ്കറിനൊപ്പം ദുബായില്‍ സന്ദര്‍ശനം നടത്തുന്നു. ആ ശിവശങ്കര്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ ഏര്‍പ്പാടാക്കി നല്‍കുന്നു’. ഷാഫി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular