170 രൂപ നല്‍കുമെന്ന് പറഞ്ഞിട്ടും സിയാലിനെ ഒഴിവാക്കി; കേരളത്തിന് തിരുവനന്തപുരം നഷ്ടപ്പെടാനുള്ള കാരണം…

തിരുവനന്തപുരം വിമാനത്താവളം വിവാദത്തില്‍ പിണറായി സര്‍ക്കാരിനെ വിശ്വസിക്കാനാകില്ലെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തുക ആയിരുന്നില്ല സര്‍ക്കാരിന്റെ ഉദ്ദേശമെന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളം സ്വകാര്യവത്കരിക്കുക എന്നത് തന്നെയാണ് സര്‍ക്കാരിന്റെയും ഉദ്ദേശം. അദാനി അല്ലെങ്കില്‍ മറ്റാരെങ്കിലും വന്നാലും വിമാനത്താവളത്തിന്റെ കാര്യത്തില്‍ ഇതായിരുന്നിരിക്കും സമീപനമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അനുഭവ പരിചയമുള്ള സിയാലിനെ ഒഴിവാക്കി എന്തുകൊണ്ടാണ് യാതൊരു പരിചയവുമില്ലാത്ത കെ.പി.എം.ജിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു. കണ്‍സള്‍ട്ടന്‍സിയൊക്കെ വരുന്നതിന് മുമ്പുതന്നെ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ സിയാല്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നതായും അദ്ദേഹം പറയുന്നു. ഒരു യാത്രക്കാരന് 170 രൂപ എയര്‍ പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാമെന്ന രീതിയിലാണ് സിയാല്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ പിന്നീട് സിയാലിനെ ഒഴിവാക്കി സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സിയെ കൊണ്ടുവന്നു.

ഇതേതുടര്‍ന്നാണ് കേരളത്തിന് വിമാനത്താവളം നഷ്ടപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. ബിഡ്ഡിങ്ങില്‍ അദാനി ക്വോട്ട് ചെയ്തത് 168 രൂപയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനുഭവ പരിചയമുള്ള സിയാലിലെ ഉദ്യോഗസ്ഥരെ തിരുവനന്തപുരം വിമാനത്താവത്തിന്റെ ബിഡ്ഡിങ്ങില്‍ നിന്ന് വിലക്കി. അവര്‍ പിന്നീട് മംഗലാപുരം വിമാനത്താവളത്തിനായി ബിഡ്ഡിങ്ങില്‍ പങ്കെടുത്തു. തിരുവനന്തപുരം വിമാനത്താവളം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിര്‍ത്തണമെന്ന് സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

എന്തുകൊണ്ട് സിയാലിനെ ഒഴിവാക്കിയെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടുമില്ല. വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ സമീപനം ഉണ്ടായിട്ടില്ല. അതിനാല്‍ ഒരുകാരണവശാലും പിണറായി വിജയന്‍ സര്‍ക്കാരിനെ വിശ്വസിച്ച് മുന്നോട്ടുപോകാന്‍ സാധിക്കില്ല. വിമാനത്താവളവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായുള്ള യോജിച്ചുള്ള നീക്കത്തിന് യുഡിഎഫ് തയ്യാറാകരുതെന്നതാണ് തന്റെ വ്യക്തപരമായ നിര്‍ദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് ഉടനെയുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular