റഫാലില്‍ വീണ്ടും വിമര്‍ശനവുമായി രാഹുല്‍; മോഷ്ടിക്കപ്പെട്ടത് ഇന്ത്യന്‍ ഖജനാവില്‍നിന്നുള്ള പണം

ന്യൂഡല്‍ഹി: റാഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റാഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ ഇടപാടിനെ കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടില്‍, ഓഫ്സെറ്റ് കരാറുകളെ കുറിച്ച് പരാമര്‍ശമില്ലെന്ന ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത റീട്വീറ്റ് ചെയ്തു കൊണ്ടാണ് രാഹുലിന്റെ പ്രതികരണം.

റഫാലില്‍ ഇന്ത്യയുടെ ഖജനാവില്‍നിന്നാണ് പണം മോഷ്ടിക്കപ്പെട്ടത്- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. സത്യം ഒന്നേയുള്ളൂ, പാതകള്‍ അനവധിയാണ് എന്ന ഗാന്ധി വചനവും രാഹുല്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
എട്ടു മാസം മുമ്പാണ് റഫാല്‍ ഇടപാടിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് സി.എ.ജി. സമര്‍പ്പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇനിയും പാര്‍ലമെന്റില്‍ വെച്ചിട്ടില്ല. റഫാലിന്റെ ‘ഓഫ്സെറ്റ്’ കരാറുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സി.എ.ജിക്കു കൈമാറാന്‍ പ്രതിരോധ മന്ത്രാലയം തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ ഒപ്പിട്ട് മൂന്നു വര്‍ഷത്തിനു ശേഷമേ ‘ഓഫ്സെറ്റ്’ പങ്കാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കൂ എന്നാണ് ദസ്സോ ഏവിയേഷന്‍ അറിയിച്ചിട്ടുള്ളത് എന്നാണ് പ്രതിരോധമന്ത്രാലയം അറിയിച്ചതെന്നും ഓഡിറ്റിങ്ങില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular