ലൈഫ് മിഷന്‍ പദ്ധതിക്കായി ശിവശങ്കര്‍ സഹായിച്ചെന്ന് യൂണിടാക് ഉടമയുടെ മൊഴി, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ കുരുക്ക് മുറുകുന്നു. കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിന് കൈക്കൂലി നല്‍കിയ ശേഷം ശിവശങ്കറിനെ കണ്ടുവെന്നും പല സര്‍ക്കാര്‍ വകുപ്പുകളിലും ശിവശങ്കര്‍ സഹായിച്ചെന്നും യൂണിടാക് ബില്‍ഡേസ് ഉടമ എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കി.

സ്വപ്നയാണ് ശിവശങ്കറിനെ കാണാന്‍ നിര്‍ദ്ദേശിച്ചത്. സര്‍ക്കാര്‍ തലത്തില്‍ തുടര്‍ന്നുളള സഹായങ്ങള്‍ ചെയ്തത് ശിവശങ്കറെന്നുമാണ് എന്‍ഫോഴ്മെന്‍റിന് ഉടമ നല്‍കിയിരിക്കുന്ന മൊഴി. പല വകുപ്പുകളിലും ശിവശങ്കര്‍ വിളിച്ച്‌ പദ്ധതിക്ക് അനുകൂല സഹായം നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് രണ്ട് തവണ കമ്മീഷന്‍ വാങ്ങിയിട്ടുണ്ട്. രണ്ടാം തവണ വാങ്ങിയ ഒരു കോടി രൂപ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കോഴയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചു. കോണ്‍സുലേറ്റിന്‍റെ കാറിന്‍റെ ഡിക്കിയില്‍ സ്വപ്നയുടെ നിര്‍ദ്ദേശപ്രകാരം പണം വച്ചു. വാഹനം ഓടിച്ചിരുന്നത് ഈജിപ്ഷ്യന്‍ പൗരനായ ഖാലിദായിരുന്നു. സാമ്ബത്തിക ആരോപണങ്ങളില്‍ സ്വപ്ന പുറത്തായതിന് പിന്നാലെ ഖാലിദ് ദുബായില്‍ മടങ്ങി. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് മടങ്ങിയതെന്നാണ് സൂചന.

സ്വപ്ന ലോക്കറില്‍ സൂക്ഷിച്ച പണം കൈക്കൂലി പണമെന്നാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ നിഗമനം. ഇരുപത് കോടി രൂപയുടെ പദ്ധതിയില്‍ നാല് കോടി 35 ലക്ഷം രൂപയും കോഴയായി നല്‍കേണ്ടി വന്നുവെന്നും യുണിടാക് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്കിയിട്ടുണ്ട്.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഫ്ലാറ്റ് പണിയാന്‍ ഒരു നിര്‍മാണക്കമ്ബനിയെ തെരഞ്ഞെടുക്കണമെന്ന് കോണ്‍സുല്‍ ജനറല്‍ സ്വപ്നയോട് ആവശ്യപ്പെടുന്നതോടെയാണ് ഗുഢാലോചന തുടങ്ങുന്നത്. സ്വപ്നയും സന്ദീപും സരിത്തും ചേര്‍ന്ന് യൂണിടാകിനെ ചുമതല ഏല്‍പ്പിക്കുന്നു. മൊത്തം 20 കോടി രൂപയുടെ പദ്ധതിയില്‍ ആറ് ശതമാനം ഇവര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആദ്യഗഡുവായി 55 ലക്ഷം രൂപ സന്ദീപിന്‍റെ ഉടമസ്ഥതയിലുള്ള ഐഎസ്‌ഒ മോങ്ക് എന്ന സ്ഥാപനത്തിന്‍റെ ബാങ്ക് അക്കൗണ്ടില്‍ ഇട്ടതായി യൂണിടാക് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

ഈ പണം ഇവര്‍ തമ്മില്‍ വീതിച്ചെടുത്തു. ഇതിന് ശേഷം കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിനെ കാണാന്‍ ആവശ്യപ്പെട്ടു. നിര്‍മാണ കരാര്‍ നല്‍കാന്‍ തനിക്കും കോണ്‍സുല്‍ ജനറലിനും കൂടി 20 ശതമാനം കമീഷന്‍ വേണം എന്നായിരുന്നു ഖാലിദിന്‍റെ ആവശ്യം. തുടര്‍ന്ന് 3 കോടി 80 ലക്ഷം കോണ്‍സുല്‍ ജനറലിന് കൈമാറി.

തുടര്‍ന്നാണ് കോണ്‍സുല്‍ ജനറലിന് കൈമാറിയ കമീഷനില്‍ നിന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ട് സ്വപ്ന രംഗത്തു വരുന്നത്. ഈ തുക കൈമാറിയതിന് തൊട്ടു പിന്നാലെ എം ശിവശങ്കറെ നേരില്‍ കാണാന്‍ യുണിടാകിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കോഴയാണ് സ്വപ്ന രണ്ടാമത് വാങ്ങിയ ഈ ഒരു കോടിയെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular