മൂന്ന് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ പാലക്കാട് എസ്പി ഓഫീസ് അടച്ചു. രണ്ട് ക്ലറിക്കല്‍ സ്റ്റാഫിനും, ഒരു കാന്റീന്‍ ജീവനക്കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് റെയില്‍ ഡിവിഷന് കീഴില്‍ 19 ജീവനക്കാര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍ പാലക്കാട് ഡിവിഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു.
കരിപ്പൂരില്‍ വിമാന ദുരന്തമുണ്ടായപ്പോള്‍ ഡ്യൂട്ടിക്കെത്തില്‍ എസ്പി ജി ശിവ വിക്രം നേരത്തെ തന്നെ ക്വറാന്റീനില്‍ പ്രവേശിച്ചിരുന്നു. ഇതിനിടെയാണ് എസ്പി ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്കും പൊലീസ് കാന്റീനിലെ ഒരു ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ ഒരു പൊലീസുകാരനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം വന്നതെന്നാണ് സൂചന. ഇതോടെ പാലക്കാട് എസ്പി ഓഫീസ് താത്കാലികമായി അടച്ചു. ഓഫീസില്‍ രോഗ ബാധിതരുമായി ഇടപഴകിയ ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്
അതേസമയം, പാലക്കാട് റെയില്‍വേ ഡിവിഷന് കീഴിലെ 19 ജീവനക്കാര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഡിവിഷന് കീഴിലെ പാലക്കാട് മുതല്‍ കോഴിക്കോട് വരെയുള്ള കണക്കാണിത്. ഇതിന് പുറമേ ഡിവിഷനിലെ തന്നെ മംഗലാപുരത്ത് 34 ജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഡിവിഷന്‍ ഓഫീസ് സുരക്ഷിതമാണെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും റെയില്‍വേ അറിയിച്ചു.