13 കാരിയെ ബലാത്സംഗം ചെയ്തു കൊന്നു, നാവ് കടിച്ചു മുറിച്ചു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

ലക്‌നൗ : രാജ്യത്തെ ഞെട്ടിച്ച് ഉത്തര്‍പ്രദേശില്‍ വീണ്ടും ക്രൂരമായ ലൈംഗിക പീഡനം. ലഖിംപുര്‍ ഖേരി ജില്ലയില്‍ കാണാതായ പതിമൂന്നുകാരിയെയാണു ബലാത്സംഗം ചെയ്തു കൊന്നത്. മൃതദേഹം കരിമ്പിന്‍തോട്ടത്തില്‍നിന്നാണു കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. രണ്ടു പേരെ അറസ്റ്റ് ചെയ്തു. അക്രമികള്‍ കഴുത്തുഞെരിച്ചാണു കൊന്നതെന്നും നാവ് മുറിക്കുകയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും ചെയ്തതായും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

ലക്‌നൗവില്‍നിന്ന് 130 കിലോമീറ്റര്‍ അകലെ നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രതികളുടെ ഒരാളുടെ കൃഷിയിടത്തിലാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ബലാത്സംഗം സ്ഥിരീകരിച്ചെന്നും രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ബലാത്സംഗം, കൊലപാതകം, ദേശീയ സുരക്ഷാ നിയമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തുമെന്നു പൊലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. ‘ഞങ്ങള്‍ എല്ലായിടത്തും അവളെ അന്വേഷിച്ചു. കരിമ്പിന്‍തോട്ടത്തിലാണ് ഒടുവില്‍ അവളെ കണ്ടെത്തിയത്. അവളുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തിരുന്നു. നാവ് മുറിച്ച നിലയിലായിരുന്നു. ദുപ്പട്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണു മകളുടെ ജീവനെടുത്തത്.’ കുട്ടിയുടെ പിതാവ് കരഞ്ഞുകൊണ്ടു പറഞ്ഞു. അങ്ങേയറ്റം ലജ്ജാകരമായ സംഭവമാണിതെന്നു ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി സമൂഹമാധ്യമത്തില്‍ അപലപിച്ചു.

ഇങ്ങനെയെങ്കില്‍ സമാജ്വാദി പാര്‍ട്ടിയുടെയും ഇപ്പോഴത്തെ ബിജെപിയുടെയും സര്‍ക്കാരുകള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നും മായാവതി ചോദിച്ചു. ബിജെപി സര്‍ക്കാരിനു കീഴില്‍ ദലിത് അടിച്ചമര്‍ത്തല്‍ ഉച്ചസ്ഥായിയിലാണ്. ഇത് ജംഗിള്‍രാജ് അല്ലെങ്കില്‍ പിന്നെ എന്താണ്? നമ്മുടെ പെണ്‍മക്കള്‍ സുരക്ഷിതരല്ല, ഞങ്ങളുടെ വീടുകള്‍ സുരക്ഷിതമല്ല, എല്ലായിടത്തും ഭയത്തിന്റെ അന്തരീക്ഷമാണെന്നും ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് ആരോപിച്ചു.

ഡല്‍ഹിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള പടിഞ്ഞാറന്‍ യുപിയിലെ ഹാപുരില്‍ കഴിഞ്ഞയാഴ്ച 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം വലിയ ചര്‍ച്ചയായിരുന്നു. വെള്ളിയാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശസ്ത്രക്രിയയ്ക്കു ശേഷം പെണ്‍കുട്ടി ആശുപത്രിയില്‍ തന്നെയാണ്. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിക്കു നിലവില്‍ പ്രശ്‌നങ്ങളില്ലെങ്കിലും അപകടാവസ്ഥ മറികടന്നിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular