മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്; ഇടതുപക്ഷ അണികളില്‍ നിന്ന് കടുത്ത സൈബര്‍ ആക്രമണം; സ്ത്രീകളെ ഇങ്ങനെ ഒളിഞ്ഞിരുന്നു എന്തു വൃത്തികേടും പറയാം എന്ന് വിചാരിക്കുന്നവര്‍ക്ക് എതിരേ മുഖം നോക്കാതെ നടപടികള്‍ സ്വീകരിക്കണം

തനിക്കെതിരേ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി നടി ലക്ഷ്മിപ്രിയ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതിനിധാനം ചെയ്യുന്ന അണികളിൽ നിന്ന് കടുത്ത സൈബർ ആക്രമണം നേരിടുകയാണെന്നും സ്ത്രീകളെ ഇങ്ങനെ ഒളിഞ്ഞിരുന്നു എന്തു വൃത്തികേടും പറയാം എന്ന് വിചാരിക്കുന്ന ഇത്തരക്കാർക്ക് എതിരെ മുഖം നോക്കാതെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും നടി കത്തില്‍ പറയുന്നു.

ലക്ഷ്മിപ്രിയയുടെ കത്തിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, എന്റെ പേര് ലക്ഷ്മി പ്രിയ. മലയാള സിനിമയിൽ കഴിഞ്ഞ 16 വർഷമായി അഭിനയിച്ചു വരുന്നു . അങ്ങയുടെ പാർട്ടി അണികൾ സൈബർ അറ്റാക്ക് നടത്തുന്നില്ല, അഥവാ നടത്തിയാൽ തന്നെ മറ്റു പാർട്ടി പ്രവർത്തകർ നടത്തുന്നതിലും തുലോം കുറവാണ് എന്ന മട്ടിൽ അങ്ങ് പറഞ്ഞതായി കണ്ടു. എന്നാൽ ഏറെ ആദരവോടും ബഹുമാനത്തോടെയും പറയട്ടെ, അങ്ങയുടെ പാർട്ടി അണികളിൽ നിന്നും നല്ല രീതിയിൽ സൈബർ അറ്റാക്ക് നേരിട്ടിട്ടുള്ള വ്യക്തിയാണ് ഞാൻ. അഥവാ അമ്മ പെങ്ങൻമാർ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറിയുo കമെന്റ്കൾക്ക് ചിരി സ്‌മൈലിയും ഇടുന്ന കൂട്ടരിൽ അധികം പേരുടെയും പ്രൊഫൈൽ വ്യകതമാക്കുന്നത് ഇവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതിനിധാനം ചെയ്യുന്നു എന്നാണ്. ഇനി ഇടതു പക്ഷത്തിന്റെ പേര് ചീത്തയാക്കാൻ വേണ്ടി മനഃപൂർവം വ്യാജ പ്രൊഫൈൽ ഉണ്ടാക്കുന്നതാണോ എന്നും നിച്ഛയം പോരാ.

എങ്കിലും വേദനയോടെ അങ്ങയോടു പറയട്ടെ ഞാൻ ഒരു സ്ത്രീയാണ് ഭാര്യയാണ്, ഒരു അച്ഛന്റെയും അമ്മയുടെയും മകൾ ആണ്, ഒരു കുഞ്ഞി മകളുടെ അമ്മയാണ് എന്ന് പോലും നോക്കാതെ ആണ് പച്ചത്തെറി അഭിഷേകം നടത്തുന്നത്.ശബരിമല സ്ത്രീ പ്രവേശനത്തിൽ അഭിപ്രായം പറഞ്ഞപ്പോൾ മുതൽ ഈ കൂട്ട ആക്രമണം നേരിടുന്നു.ഇടതു പക്ഷം നിരീശ്വര വാദത്തെ ആവാം പ്രോത്സാഹിപ്പിക്കുന്നത്. ഞാൻ ആ നിരീശ്വര വാദത്തെ യാതൊരു വിധത്തിലും എതിർക്കുന്നില്ല.എന്നാൽ കേരളം പോലെ ഒരു സംസ്ഥാനത്ത് അവിശ്വാസികൾക്കു എന്നത് പോലെ വിശ്വാസികൾക്കും അഭിപ്രായ പ്രകടനം നടത്തിക്കൂടെ? ഏറെ വേദനയോടെ പറയട്ടെ അങ്ങയുടെ പാർട്ടിക്കാർ എന്ന് പറയുന്ന ചില സ്ത്രീകൾ ഞങ്ങളെ ‘കുല സ്ത്രീകൾ ‘ എന്ന് പോലും വിളിച്ചു ആക്ഷേപിക്കുന്നു. ഇവിടെ നമ്മുടെ സ്ത്രീകൾ അങ്ങനെ കുലസ്ത്രീകളും അല്ലാത്തവരും ആയി അറിയപ്പെടുന്നു.

ഒരാളുടെ രാഷ്ട്രീയം, വിശ്വാസം എന്നത് തികച്ചും വ്യക്തിപരമല്ലേ? അതിനെ എന്ന് മുതൽ ആണ് എതിർത്തു തോൽപ്പിക്കൽ മാനം വന്നത് എന്നറിയില്ല. അങ്ങയുടെ സ്ഥാനത്തും പ്രായത്തിലുമുള്ള ഒരു വ്യക്തി ഒരുപക്ഷെ ഇത്തരം സോഷ്യൽ മീഡിയ ആക്രമണത്തെക്കുറിച്ച് അറിയണം എന്നില്ല. എന്നെങ്കിലും കാണുമ്പോ ഈ വിവരം സൂചിപ്പിക്കണം എന്ന് ഞാൻ കരുതിയിരുന്നതാണ്.
പതിമൂന്നു വയസ്സ് മുതൽ അൻപത്തി മൂന്ന് വയസ്സിൽ മരിക്കും വരെ പാർട്ടിയ്ക്കു വേണ്ടി തൊണ്ട പൊട്ടി വിപ്ലവ ഗാനങ്ങൾ പാടിയിരുന്ന പട്ടണക്കാട് പുരുഷോത്തമന്റെ മരുമകൾ ആണ് ഞാൻ.അദ്ദേഹം പാർട്ടിയ്ക്കു വേണ്ടി ചെയ്ത അളവറ്റ സംഭാവനകൾ ഞങ്ങളുടെ കുടുംബത്തെ കല്ലെറിയുന്ന അണികൾക്ക് അറിയില്ല.അങ്ങേയ്ക്ക് ഇങ്ങനെ ഒരു ഓപ്പൺ കത്തെഴുതേണ്ടി വന്നതിൽ അതീവ വിഷമമുണ്ട്.

സ്ത്രീകളെ ഇങ്ങനെ ഒളിഞ്ഞിരുന്നു എന്തു വൃത്തികേടും പറയാം എന്ന് വിചാരിക്കുന്ന ഇത്തരക്കാർക്ക് എതിരെ മുഖം നോക്കാതെ അങ്ങ് കർശന നിയമ നടപടികൾ സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. നിർത്തട്ടെ?
നിറഞ്ഞ ബഹുമാനത്തോടെ ലക്ഷ്മി പ്രിയ
ഒപ്പ്.

Similar Articles

Comments

Advertismentspot_img

Most Popular