ആദായനികുതി പിരിക്കല്‍ കാര്യക്ഷമമാക്കുന്നതിന് പുതിയ സംവിധാനം

ന്യൂഡല്‍ഹി: ആദായനികുതിപിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവര്‍ത്തനസംവിധാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ‘സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കല്‍’ എന്ന പ്ലാറ്റ്ഫോം നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍ പരിഷ്‌കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃത്യമായി നികുതി നല്‍കുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്‌ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടിക്രമങ്ങള്‍ ലളിതമായി ആര്‍ക്കും നല്‍കാവുന്നതരത്തില്‍ പരിഷ്‌കരിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഫേസ് ലെസ് ഇ-അസസ്‌മെന്റും ഇതോടൊപ്പം നിലവില്‍വന്നു. ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനംമാണിത്. നിലവില്‍ അതാത് ജില്ലകിളിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് നിയോഗിച്ചിരുന്നത്. ഇതൊഴിവാക്കി പൂര്‍ണമായും കംപ്യൂട്ടര്‍ അല്‍ഗൊരിതം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തനം. ഫേസ് ലെസ് അപ്പീല്‍ സംവിധാനം സെപ്റ്റംബര്‍ 25ഓടെ നിലവില്‍വരും. നികുതിദായകരുമായി അനഭിമതമായ ഇപെടലുകള്‍ക്കുള്ള സാഹചര്യം ഇതില്‍നിന്ന് ഒഴിവാകും. വകുപ്പിന്റെ ഇടപെടല്‍ കൂടുതല്‍ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് നടപടികളില്‍ തീര്‍പ്പുകല്‍പ്പിക്കാനും സംവിധാനംകൊണ്ടുകഴിയും.

നികുതി വകുപ്പില്‍നിന്നുള്ള ഔദ്യോഗികസന്ദേശങ്ങള്‍ക്ക് കംപ്യൂട്ടര്‍വഴിയുള്ള പ്രത്യേക തിരിച്ചറിയല്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി. ആദായനികുതി കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ‘വിവാദ് സെ വിശ്വാസ്’ പദ്ധതി നടപ്പാക്കിയിരുന്നു.
മന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, അനുരാഗ് ഠാക്കൂര്‍, ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ചേംബര്‍ ഓഫ് കൊമേഴ്സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന, പ്രമുഖ അഭിഭാഷകര്‍ തുടങ്ങിയവര്‍ വീഡിയോ വഴിയുള്ള ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular