ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ് മത്സരിക്കും. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ട്വിറ്ററിലൂടെയാണ് കമലയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകയായ കമല ഹാരീസിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തുവെന്ന് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കമലയെ പങ്കാളിയായി ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ബൈഡന്‍ പറയുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തതിലൂടെ താന്‍ ബഹുമാനിതയായെന്ന് കമല ഹാരീസ് ഇതിനോട് പ്രതികരിച്ചു. ജോ ബൈഡനെ പ്രസിഡന്റ് ആക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

‘അമേരിക്കന്‍ ജനതയെ ഒന്നിപ്പിക്കാന്‍ ജോ ബൈഡന് സാധിക്കും. നമുക്ക് വേണ്ടിയാണ് അദ്ദേഹം ജീവിതകാലം മുഴുവന്‍ പോരാടിയത്. നമ്മുടെയൊക്കെ സങ്കല്‍പ്പത്തിനനുസരിച്ച് അമേരിക്കയെ മാറ്റാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തു.

55 കാരിയായ കമല ഹാരിസ് നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററാണ്. ഇന്ത്യയില്‍ നിന്ന് കുടിയേറിയതാണ് ഇവരുടെ അമ്മ. അച്ഛന്‍ ജമൈക്കന്‍ വംശജനും. തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചാല്‍ ഭാവിയിലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമലാ ഹാരീസ് മാറും. 2024 അല്ലെങ്കില്‍ 2028 വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ സ്വാഭാവിക സ്ഥാനാര്‍ഥിയായി കമല ഹാരീസ് വന്നേക്കാം..

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ കൂടിയാണ് കമല ഹാരിസ്

പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ ഇവരും തുടക്കത്തില്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മത്സരത്തില്‍ നിന്ന് പിന്മാറുകയും ജോ ബൈഡന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു.

അതേസമയം കമലാ ഹാരീസിനെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയതിനോട് രാഷ്ട്രീയ എതിരാളിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വളരെപ്പെട്ടെന്ന് തന്നെ പ്രതികരിച്ചു. കമല ജോ ബൈഡനെക്കാള്‍ തീവ്രരാഷ്ട്രീയ നിലപാടുകള്‍ ഉള്ളയാളാണെന്നാണ് അവര്‍ ആരോപിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular