ഉത്തര്‍പ്രദേശില്‍ ഹര്‍പുരില്‍ ബലാത്സംഗത്തിന് ഇരയായ ആറു വയസ്സുകാരി ഗുരുതരാവസ്ഥയില്‍. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രദേശവാസികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ മൂന്ന് രേഖാചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
വ്യാഴാഴ്ച വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെണ്‍കുട്ടിയെ ബൈക്കിലെത്തിയ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. കുറച്ചകലെയുള്ള പാടത്തുനിന്നാണ് പെണ്‍കുട്ടിയെ പിന്നീട് കണ്ടെത്തിയത്. മീററ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ സ്ഥിതി ഗുരുതരമാണ്. ബോധമുണ്ടെങ്കിലും പെണ്‍കുട്ടി വല്ലാതെ ഭയന്ന അവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പ്രതിക്കായി അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. സമീപ ഗ്രാമങ്ങളിലും അതിര്‍ത്തിയിലും തിരച്ചില്‍ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പോലീസ് പറയുന്നു.
പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകുന്നത് കണ്ട രണ്ട് സ്ത്രീകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വച്ചാണ് പ്രതിയുടെ രേഖാചിത്രം വരച്ചത്. അജ്ഞാതനായ വ്യക്തിക്കെതിരെ ഒരു പരാതി പെണ്‍കുട്ടിയുടെ കുടുംബം നല്‍കി. എന്നാല്‍ പ്രതിക്ക് കുടുംബവുമായി ബന്ധമുള്ളതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്.
കുട്ടിയെ കാണാതായി നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ് കുടുംബം പരാതിപ്പെട്ടത്. അവര്‍ പരാതി നല്‍കുന്ന സമയത്തിനിടെ പ്രതി രക്ഷപ്പെട്ടിരിക്കാമെന്നും സര്‍ക്കിള്‍ ഓഫീസര്‍ പവന്‍ കുമാര്‍ പറഞ്ഞു.
Leave a Comment