അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം; പ്രധാനമന്ത്രി വെള്ളിശില പാകി

ലക്നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകൾക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കർമം നടത്തിയത്. നേരത്തേ മോദി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നട്ടു.

ന്യൂഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് മോദി ലക്നൗവിൽ എത്തിയത്. ഇവിടെനിന്ന് പ്രത്യേക ഹെലിക്കോപ്റ്ററിൽ അയോധ്യയിലെ സകേത് കോളേജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ മോദിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. തുടർന്ന് പൂർണ സുരക്ഷാ സന്നാഹത്തോടെ ഹനുമാൻ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താൽക്കാലിക ക്ഷേത്രത്തിലും ദർശനം നടത്തി.

വേദിയിൽ പ്രധാനമന്ത്രിക്കൊപ്പം ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര നിർമാണ ട്രസ്റ്റിന്റെ അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവർ ഭൂമി പൂജ ചടങ്ങിൽ സന്നിഹിതരായിരിക്കും. 135 സന്യാസിമാരും പൗരപ്രമുഖരും രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന ക്ഷണിതാക്കളുടെ സാന്നിധ്യവുമുണ്ടാകും. 175 പേർക്കാണ് ക്ഷണം. 2000 പുണ്യസ്ഥലങ്ങളിൽ നിന്ന് മണ്ണും 1500 ഇടങ്ങളിൽനിന്ന് വെള്ളവും ഭൂമി പൂജയ്ക്കായി എത്തിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular