രാജ്യത്തെ കൊവിഡ് മരണങ്ങളിൽ അൻപത് ശതമാനവും ഈ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

ദില്ലി: രാജ്യത്തെ കൊവിഡ് മരണങ്ങളിൽ അൻപത് ശതമാനവും അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നാൽപത്തിയഞ്ച് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ രോഗികളായി മരിച്ചവർ 37 ശതമാനമാണ്. എന്നാൽ ആകെ കൊവിഡ് മരണനിരക്ക് രാജ്യത്ത് 2.10 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകളിൽ വ്യക്തമാകുന്നു.

മരണനിരക്ക് കുറയുന്നത് രാജ്യത്തെ സംബന്ധിച്ച് നല്ല സൂചനയാണെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. കൊവിഡിന്റെ പ്രതിരോധമരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് പുരോഗമിക്കുകയാണ്. മൂന്ന് മരുന്നുകളുടെ പരീക്ഷണം വിവിധ
ഘട്ടങ്ങളിലായി പുരോഗമിക്കുന്നതായി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം രാജ്യത്ത് പ്രതിദിനരോഗബാധിതതരുടെ എണ്ണം തുടർച്ചയായ അഞ്ചാം ദിവസവും അൻപതിനായിരത്തിന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,050 പേർ കൊവിഡ് രോഗികളായി. ആകെ രോഗികളുടെ എണ്ണം പതിനെട്ടരലക്ഷം പിന്നിട്ടു. കൃത്യമായി പറഞ്ഞാൽ 18,55,745 പേർക്കാണ് ഇതുവരെ രോഗം വന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ 803 പേർ കൂടി മരിച്ചതോടെ ആകെ മരണം 38,938 ആയി. രാജ്യത്ത് രോഗം മാറിയവരുടെ എണ്ണം 12,30,509 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ അഞ്ച് ലക്ഷത്തിലധികം പേർ കൊവിഡ് രോഗത്തിന് ചികിത്സയിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular