പമ്പ, മണിമല, അഴുത ആറുകള്‍ നിറഞ്ഞു കവിഞ്ഞു; വ്യാപക മണ്ണിടിച്ചില്‍

കനത്ത മഴയില്‍ പമ്പ, മണിമല, അഴുതയാറുകള്‍ നിറഞ്ഞു കവിഞ്ഞു. പലയിടത്തും മണ്ണിടിച്ചില്‍ വ്യാപകമായി. ബസ് സ്റ്റാന്‍ഡുകളിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്കു ദുരിതം സൃഷ്ടിക്കുന്നു. കോസ് വേകള്‍ക്ക് മുകളിലൂടെ വെള്ളം ഒഴുകുമെന്നും ആശങ്ക. രണ്ട് ദിവസമായി തീരങ്ങള്‍ കവര്‍ന്നാണ് നദികള്‍ ഒഴുകുന്നത്. അറയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി കോസ്‌വേകള്‍ വെള്ളത്തിനടിയിലായേക്കുമെന്ന് സംശയിക്കുന്നു.

മോശം കാലാവസ്ഥ മൂലം എരുമേലിയിലെത്താന്‍ കഴിയാതെ ക്ലേശിക്കുകയാണ് വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍. എരുമേലി സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിറഞ്ഞ വെള്ളക്കെട്ട് യാത്രക്കാര്‍ക്കു ദുരിതമായി. കെഎസ്എര്‍ടിസി ഡിപ്പോയിലേക്ക് തിരിയുന്ന കവലയിലും വെള്ളം കെട്ടിക്കിടക്കുകയാണ്.

മുക്കൂട്ടുതറ തിയറ്റര്‍ പടി മുതല്‍ റോഡിലൂടെ ശക്തമായി ഒഴുകുന്ന ഉറവ ദുരിതമുണ്ടാക്കുകയാണ്. ദേശീയപാത 183 എയുടെ ഭാഗമായ ചെമ്പകപ്പാറ മുതല്‍ കരിങ്കല്ലുമ്മൂഴി വരെ ഒരു കിലോമീറ്റര്‍ ഇറക്കത്തില്‍ വെള്ളം കുത്തിയൊലിക്കുകയാണ്. വശങ്ങളില്‍ ഓടയില്ലാത്തതു റോഡിന്റെ തകര്‍ച്ചക്കും കാരണമാവുന്നു.

Similar Articles

Comments

Advertismentspot_img

Most Popular