റാഫാലില്‍ ഹാമര്‍ മിസൈലുകള്‍ ഉള്‍പ്പെടുത്തുന്നു

ചൈനയുമായുള്ള സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനിടയില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു കരുത്തായി ഫ്രാന്‍സില്‍നിന്നെത്തുന്ന റഫാല്‍ പോര്‍വിമാനങ്ങള്‍ അതിശക്തമായ പ്രഹരശേഷിയുള്ള ഹാമര്‍ മിസൈലുകള്‍ കൂടി ഉള്‍പ്പെടുത്തി മികവുറ്റതാക്കാന്‍ ഇന്ത്യ. മോദി സര്‍ക്കാര്‍ മൂന്നു സേനാവിഭാഗങ്ങള്‍ക്കും അത്യാവശ്യമുള്ള ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണു വ്യോമസേന ഹാമര്‍ മിസൈലുകള്‍ ഉടന്‍ സ്വന്തമാക്കാന്‍ തീരുമാനമെടുത്തത്.

വിമാനങ്ങളില്‍നിന്ന് തൊടുത്ത് 60-70 കിലോമീറ്റര്‍ ദൂരത്തുള്ള ശത്രുലക്ഷ്യങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കാന്‍ ശേഷിയുള്ളതാണ് ഹാമര്‍ മിസൈൽ. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ മിസൈല്‍ നല്‍കാമെന്ന് ഫ്രാന്‍സ് സമ്മതിച്ചുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഫ്രാന്‍സില്‍നിന്നു തന്നെ വാങ്ങുന്ന റഫാല്‍ പോര്‍വിമാനങ്ങളിലാവും ഇതു സജ്ജമാക്കുക. മറ്റു രാജ്യങ്ങള്‍ക്കു നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്ന മിസൈലുകള്‍ അടിയന്തരഘട്ടം പരിഗണിച്ച് ഇന്ത്യക്കു നല്‍കാനാണ് ഫ്രാന്‍സ് ശ്രമിക്കുന്നത്.

ഹാമര്‍ (ഹൈലി എജൈല്‍ മോഡുലര്‍ മുണീഷ്യന്‍ എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച്) മിസൈല്‍ വായുവില്‍നിന്ന് ഭൂമിയിലേക്കു തൊടുക്കാവുന്ന മധ്യദൂര മിസൈലാണ്. ഫ്രഞ്ച് വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി രൂപകല്‍പന ചെയ്തതാണിത്. മൂന്നു മീറ്റര്‍ നീളവും 330 കിലോ ഭാരവുമാണു മിസൈലിനുള്ളത്.

ഹാമര്‍ എത്തുന്നതോടെ ഏതു കഠിനമായ ഭൂപ്രദേശത്തുമുള്ള ശത്രു ബങ്കറുകളും പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചു തകര്‍ക്കാന്‍ ഇന്ത്യക്കു കഴിയും. കിഴക്കന്‍ ലഡാക്ക് ഉള്‍പ്പെടെ പര്‍വതമേഖലകളില്‍ തമ്പടിക്കുന്ന ശത്രുസൈന്യത്തെയും ഭീകരരെയും തുരത്താന്‍ ഇന്ത്യന്‍ സേനയ്ക്കു ഹാമര്‍ മിസൈലുകള്‍ കരുത്താകുമെന്നാണു പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ജൂലൈ 29-ന് ഫ്രാന്‍സില്‍നിന്ന് അഞ്ച് റഫാല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യയിലെത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരാണ് വിമാനം നാട്ടിലെത്തിക്കുന്നത്. മേയില്‍ എത്തേണ്ടിയിരുന്ന വിമാനങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വൈകിയത്. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായി കരാറിലേര്‍പ്പെടാന്‍ മുന്‍കൈ എടുത്ത വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയയുടെ ബഹുമാനാര്‍ഥം വിമാനത്തില്‍ ആര്‍ബി എന്നു രേഖപ്പെടുത്തും. ഇന്ത്യയിലേക്കുള്ള പറക്കലിനിടയില്‍ ഇന്ധനം നിറയ്ക്കാന്‍ ഫ്രഞ്ച് വ്യോമസേനാ ടാങ്കര്‍ വിമാനം അനുഗമിക്കും. ഇസ്രയേലിന്റെയോ ഗ്രീസിന്റെയോ ആകാശത്തുവച്ചാവും ഇന്ധനം നിറയ്ക്കുക.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular