ബിരിയാണി അരി ഒന്നരക്കോടി രൂപയായത് ഇങ്ങനെ….

മലപ്പുറം: നാഗ്പൂരില്‍നിന്ന് എടപ്പാളിലേക്ക് അരിയുമായി വന്ന ലോറിയില്‍നിന്നു രേഖകളില്ലാത്ത ഒന്നര കോടിയിലധികം രൂപ നിലമ്പൂരില്‍ ഹൈവേ പോലീസ് പിടികൂടി. പ്രത്യേകം പാക്ക്‌ചെയ്ത മൂന്നു ബാഗുകളില്‍നിന്നായി 1,57,50,000 രൂപയാണ് ഹൈവേ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ: എന്‍. രാമദാസും സംഘവും പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ നിലമ്പൂര്‍ കനോലിപ്ലോട്ടിനു സമീപം കെ.എന്‍.ജി. റോഡിലാണ് സംഭവം.

എടപ്പാളില്‍നിന്ന് അടയ്ക്കയുമായി നാഗാലന്‍ഡിലേക്കു പോയ രണ്ടു ലോറികളില്‍ ഒന്ന് അരി ലോഡുമായാണ് തിരികെയെത്തിയത്. അരി കയറ്റിയ ലോറിയില്‍ നിന്നു മറ്റൊരു ലോറിയിലേക്കു പണം കൈമാറുന്നതു പട്രോളിങ്ങിലായിരുന്ന ഹൈവേ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ബിരിയാണി അരി മാറ്റിക്കയറ്റുകയാണെന്നു ലോറിയിലുണ്ടായിരുന്നവര്‍ പറഞ്ഞതെങ്കിലും സംശയം തോന്നിയ പോലീസ് ലോഡില്ലാത്ത ലോറിയില്‍ കണ്ട ചെറിയ മൂന്നു ചാക്കുകളിലൊന്ന് പരിശോധിച്ചപ്പോഴാണ് പണമാണെന്നു ബോധ്യപ്പെട്ടത്. ഇതോടെ മറ്റു ചാക്കുകളും പരിശോധിച്ചു. സംഭവുമായി ബന്ധപ്പെട്ട് എടപ്പാള്‍ ചങ്ങരംകുളം സ്വദേശികളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഉപാധികളോടെ വിട്ടയച്ചു.

മലഞ്ചരക്കു വ്യാപാരികളാണെന്നും അടയ്ക്ക കച്ചവടക്കാര്‍ക്കു കൊടുക്കാനുള്ള പണമാണെന്നുമാണ് ഇവരുടെ മൊഴി. ലോക്ക്ഡൗണ്‍ ആയതിനാല്‍ ബാങ്കില്‍ ഇടാനാവാതെ പണമായാണ് കൊണ്ടുവന്നതെന്നും മതിയായ രേഖകള്‍ അടുത്ത ദിവസം ഹാജരാക്കാമെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. രണ്ടായിരത്തിന്റെ 166 നോട്ടുകളും 500 ന്റെ 30,836 നോട്ടുകളുമാണുണ്ടായിരുന്നത്. പ്രതികളെയും ലോറികളും കസ്റ്റഡിയിലെടുത്ത് നിലമ്പൂര്‍ സ്‌റ്റേഷനിലെത്തിച്ചാണ് പണം എണ്ണി തിട്ടപ്പെടുത്തിയത്. പണവും ലോറികളും കോടതിയില്‍ ഹാജരാക്കും. തുടരനേ്വഷണം എന്‍ഫോഴ്‌സ്‌മെന്റിനു കൈമാറും. ലോറി ഡ്രൈവര്‍ നാഗ്പൂരില്‍നിന്നു വന്നതിനാല്‍ നിലമ്പൂര്‍ സ്‌റ്റേഷനും പരിസരവും അണുവിമുക്തമാക്കി.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular