സ്പീക്കര്‍ പ്രതിയുടെ കട ഉദ്ഘാടനത്തിന് പോയത് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സംരംഭത്തിന്റെ ഉദ്ഘാടകനായി പങ്കെടുത്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ വിമര്‍ശിച്ച് സി ദിവാകരന്‍ എംഎല്‍എ. സഭാ സമ്മേളനം നടക്കുന്ന സമയത്തായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. സഭാ സമ്മേളനം ഒഴിവാക്കി പങ്കെടുക്കേണ്ട ചടങ്ങായിരുന്നില്ല വര്‍ക്ക് ഷോപ്പ് ഉദ്ഘാടനമെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.

പ്രാദേശിക ഘടകത്തിന്റെ സമ്മര്‍ദമുണ്ടായതുകൊണ്ടാകാം സ്പീക്കര്‍ പരിപാടിയില്‍ പങ്കെടുത്തത്. അതല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ വ്യക്തി താത്പര്യം ഉണ്ടായേക്കാം. പ്രദേശിക പരിപാടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ സ്പീക്കര്‍ എംഎല്‍എമാരുമായി ആശയ വിനിമയം നടത്തുന്ന പതിവുണ്ട്. എന്നാല്‍ സ്പീക്കര്‍ ഇവിടെ ആ പതിവ് പിന്തുടര്‍ന്നില്ല. അതിന് അദ്ദേഹത്തിന്റേതായ കാരണങ്ങള്‍ ഉണ്ടാകാമെന്നും സി ദിവാകരന്‍ പറഞ്ഞു.

സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ സംരംഭത്തിലേക്ക് അധ്യക്ഷനായി നിശ്ചയിച്ചിരുന്നത് സി ദിവാകരനെ ആയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാത്തതിന് കാരണങ്ങളും എംഎല്‍എ വിശദീകരിച്ചു. സഭാസമ്മേളനം നടക്കുന്ന സമയമായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ല എന്നതായിരുന്നു ഒരു കാരണം. പരിപാടിയില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ ആരും നിര്‍ബന്ധിച്ചില്ല. മാത്രവുമല്ല അനുവാദം തേടാതെയാണ് പേര് വിവരങ്ങള്‍ നോട്ടീസില്‍ അച്ചടിച്ചത്. സ്ഥാപനത്തിന്റെ ഉടമയെ കുറിച്ചോ സംഘാടകര്‍ ആരാണെന്നോ കൃത്യമായി അറിയില്ലായിരുന്നു.

ഇവരുടെ പശ്ചാത്തലം അറിയാതെയാകും സ്പീക്കര്‍ പോയതെന്നും സി.ദിവാകരന്‍ പ്രതികരിച്ചു. സ്വപ്നയേയോ സന്ദീപിനേയോ തനിക്കറിയില്ല. നിയമസഭയില്‍ പ്രധാനപ്പെട്ട ഒരു ബില്ലിന്റെ ചര്‍ച്ച നടക്കുന്നതുകൊണ്ട് കൂടിയാണ് താന്‍ ഉദ്ഘാടനത്തിന് പോകാത്തത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അപകടമൊന്നുമില്ലെന്നും അതില്‍ സിപിഐ പ്രതിരോധിക്കേണ്ട കാര്യമില്ലെന്നും സി.ദിവാകരന്‍ പ്രതികരിച്ചു.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular