പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്‌ലാറ്റ് ബുക്ക് ചെയ്തത് ശിവശങ്കരന്റെ ഓഫീസില്‍ നിന്ന്

സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്‌ലാറ്റ് ബുക്ക് ചെയ്തുകൊടുത്തതു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണെന്ന് കസ്റ്റംസ് കണ്ടെത്തി. ഇതിന്റെ ശബ്ദരേഖയും ലഭിച്ചു. ഈ ഫ്‌ലാറ്റില്‍ നിന്നാണു സ്വപ്നയും സംഘവും ഒളിവില്‍ പോയതെന്നും തെളിഞ്ഞു.

ശിവശങ്കറിന്റെ ഓഫിസിലെ ജീവനക്കാരനാണ് വിളിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്ന മുഖവുരയോടെ സ്വപ്നയുടെ ഭര്‍ത്താവിന്റെ പേരില്‍ ഫ്‌ലാറ്റ് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അപ്പാര്‍ട്‌മെന്റുകള്‍ ദിവസവാടകയ്ക്കു കൊടുക്കുന്ന കരാറുകാരനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ശിവശങ്കറും പ്രതികളും ഫ്‌ലാറ്റില്‍ എത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കരാറുകാരനെ വിളിച്ചുവരുത്തി. ആരെയും കൃത്യമായി ഓര്‍മയില്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ വിയര്‍ത്ത ഇയാള്‍ പിന്നെ ക്രമമായി കാര്യങ്ങള്‍ വിശദീകരിച്ചു. തന്റെ ഫോണില്‍ വരുന്ന വിളികളെല്ലാം റിക്കോര്‍ഡ് ചെയ്യാറുണ്ടെന്നു പറഞ്ഞ് ഇയാള്‍ ഫോണും കൈമാറി.

ഇതില്‍ നിന്നാണു ശബ്ദരേഖ എടുത്തത്. ഫ്‌ലാറ്റ് ബുക്ക് ചെയ്യുന്നതിനു ശിവശങ്കറിന്റെ ഓഫിസില്‍ നിന്ന് പലതവണ വിളിച്ചിട്ടുണ്ട്. സ്വപ്നയുടെ ഭര്‍ത്താവിന്റെ പേരിലാണ് ബുക്ക് ചെയ്യുന്നതെങ്കിലും സരിത്, സന്ദീപ്, സ്വപ്ന, കെ.ടി.റമീസ് എന്നിവരാണ് താക്കോല്‍ വാങ്ങിയിരുന്നത്.

ഒരുമാസത്തിനിടെ സംഘാംഗങ്ങള്‍ പലപ്പോഴും അപ്പാര്‍ട്‌മെന്റ് വാടകയ്ക്ക് എടുത്തിട്ടുണ്ട്. മിക്കവാറും റമീസാണു വാടക നല്‍കുന്നത്. വിമാനത്താവളത്തില്‍ സ്വര്‍ണം എത്തുന്നതിനു തലേന്നും സംഘം ഫ്‌ലാറ്റില്‍ എത്തിയിരുന്നു. പിറ്റേന്നു സ്വര്‍ണം വന്നതു മുതല്‍ പലപ്പോഴും പുറത്തുപോയി.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7