സ്വർണ്ണക്കടത്ത് : ഫാസിൽ ഫരീദിന്റെ കാര്യത്തിൽ ദുരൂഹതയേറി

ദുബായ്: നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്ക് സ്വർണം കള്ളക്കടത്ത് നടത്തിയ കേസിൽ മൂന്നാം പ്രതി ഫാസിൽ ഫരീദിന്റെ(36) കാര്യത്തിൽ ദുരൂഹതയേറി. ഇന്നലെ പേരും ചിത്രവും പുറത്തുവന്നതോടെ അതു താനല്ലെന്നായിരുന്നു ദുബായിൽ താമസിക്കുന്ന ഫൈസൽ ഫരീദ് മാധ്യമങ്ങളോടു പ്രതികരിച്ചത്. എന്നാൽ, സ്വർണം കടത്തിയ രേഖകളിൽ കാണുന്ന ഫോൺ നമ്പരും വിലാസവും ഇതേ വ്യക്തിയുടേത് തന്നെയാണെന്നത് സംശയമുന ഇയാളിലേക്കു വീണ്ടും നീളുന്നു.

‘ഫൈസൽ ഫരീദ്, പി.ഒ. ബോക്സ് 31456, വില്ല നമ്പർ 5, അൽ റാഷിദിയ്യ, ദുബായ്’ എന്നതാണ് രേഖകളിലെ വിലാസം. തന്റെ വിലാസം ഇതിൽ വന്ന കാര്യത്തിൽ ഫൈസൽ ഫരീദ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസിൽ ബന്ധമില്ലെന്നും സ്വപ്നാ സുരേഷ് അടക്കം പ്രതികളെ അറിയില്ല എന്നുമായിരുന്നു ഫൈസൽ ഫരീദിന്‍റെ ഇന്നലത്തെ പ്രതികരണം. യുഎഇ കോൺസുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല. സ്വപ്നയെയോ സന്ദീപിനെയോ അറിയില്ല. ഒരു ഏജൻസിയും ചോദ്യം ചെയ്തിട്ടുമില്ല. തന്റെ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

പുറത്തുനിന്നൊരാൾ നയതന്ത്ര ബാഗേജിൽ എങ്ങനെ സാധനങ്ങൾ അയച്ചു എന്നതും ചോദ്യമായി തുടരുകയാണ്. അതേസമയം, എൻഐഎയുടെ എഫ്ഐആറിൽ പേര്, ഫാസിൽ ഫരീദ് എന്നാണെന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. കേസിൽ അന്വേഷണം പുരോഗമിക്കുമ്പോഴും ഈ വിലാസത്തിൽ ദുബായിൽ താമസിക്കുന്ന തൃശൂർ കൈപ്പമംഗലംകാരനായ ഫൈസൽ ദുബായിൽ തന്റെ ജോലികളുമായി മുന്നോട്ടുപോകുകയാണ്.

ഖിസൈസിൽ ആഡ‍ംബര ജിംനേഷ്യവും വിലകൂടിയ കാറുകളുടെ വർക് ഷോപ്പും ഇയാൾ നടത്തിവരുന്നു. എന്നാൽ, കെട്ടിട വാടക നൽകാത്തതിനാൽ കഴിഞ്ഞ മൂന്നാഴ്ചയായി വർക് ഷോപ്പ് തുറക്കുന്നില്ലെന്നാണ് ഇവിടുത്തെ ജീവനക്കാർ പറഞ്ഞത്. അതേസമയം, സുഹൃത്തിന്റെ ഫോണിൽ വിളിച്ച് ഫൈസലിന്റെ മൊഴി രേഖപ്പെടുത്തിയെന്ന് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്തിനെ അന്വേഷണസംഘം വിളിച്ചെന്ന കാര്യം സമ്മതിക്കുന്ന ഫൈസൽ, എന്നാൽ താൻ ആരുമായും സംസാരിച്ചിട്ടില്ലെന്നാണ് പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular