കേരളത്തില്‍ കോവിഡ് പകര്‍ച്ചാനിരക്കും മരണ നിരക്കും കുറച്ച് നിര്‍ത്തുന്നത് ആരെങ്കിലും കാണിക്കുന്ന മാജിക് കൊണ്ടല്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സ്വയം ഹോമിക്കപ്പെടുകയും വെളിച്ചം കെടുത്തുകയും ചെയ്യുന്ന ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ വിലക്കുകള്‍ ഞങ്ങള്‍ ലംഘിക്കും എന്നുപറഞ്ഞ് ആര്‍ക്കെതിരെയാണ് ഇവര്‍ ആക്രോശിക്കുന്നത്. ഇതൊരു മഹാമാരിയാണ്. കേരളത്തില്‍ ഈ രോഗത്തിന്റെ പകര്‍ച്ചാനിരക്കും മരണ നിരക്കും കുറച്ച് നിര്‍ത്തുന്നത് ആരെങ്കിലും കാണിക്കുന്ന മാജിക് കൊണ്ടല്ല. നേരത്തെ ചിലര്‍ പറഞ്ഞ് പോലെ കേരളത്തിന്റെ അന്തരീഷ ഊഷ്മാവില്‍ വൈറസ് ഉരുകി പോകുന്നതുമല്ല. ആയിരക്കണക്കിന് മനുഷ്യരുടെ 6 മാസമായുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണത്. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സന്നദ്ധ വോളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ഫലം.

സര്‍ക്കാരിന്റെ ശാസ്ത്രീയമായ ആസൂത്രണത്തിന്റേയും ഇടപെടലിന്റേയും ഫലം. ലോകരാജ്യങ്ങള്‍ കേരളത്തെ ഉറ്റുനോക്കുന്നത് മറ്റൊന്നും കൊണ്ടല്ല. മരണം ഭീമാകാരം പൂണ്ട് മനുഷ്യരാശിയെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഈ കുഞ്ഞ് കേരളത്തില്‍ നിന്ന് ആശ്വാസത്തിന്റെ വാര്‍ത്തകള്‍ കേള്‍ക്കുന്നത് കൊണ്ടാണ്. അതില്‍ അസൂയ പ്രകടിപ്പിക്കാന്‍ മുതിര്‍ന്നാല്‍ തുലഞ്ഞുപോകുക സ്വന്തം കുടുംബാംഗങ്ങളുടെ ജീവന്‍ കൂടിയാണെന്ന് ഓര്‍ക്കുക.

മഹാമാരിയുടെ ഭാഗമായി നാം പ്രഖ്യാപിച്ച നിബന്ധനകള്‍ ലംഘിച്ച് നൂറുകണക്കിനാളുകള്‍ മാസ്‌ക് പോലും ധരിക്കാതെ ധിക്കാരപരമായി ഒത്തുകൂടുന്നത് എത്ര വലിയ വിപത്തിലേക്ക് സമൂഹത്തെ തള്ളിവിടുക എന്നത് മനസിലാക്കാന്‍ കഴിയുന്നവര്‍ ഇവര്‍ക്ക് പറഞ്ഞ് കൊടുക്കണം. പ്രതിഷേധമൊക്കെ ആയിക്കൊള്ളൂ. പക്ഷെ നാടിനെ രക്ഷിക്കാന്‍ അത്യധ്വാനം ചെയ്യുന്നവരുടെ ഒരു ഭാഗമായതു കൊണ്ട് പറഞ്ഞ് പോകുകയാണ്. ദയവ് ചെയ്ത് വിവേകമുള്ളവര്‍ ഇവരെ ഉപദേശിക്കുക.

നമുക്ക് കേരളത്തിന്റെ സുരക്ഷാമതില്‍ തകര്‍ന്നു പോകാതെ സംരക്ഷിക്കുക. എല്ലാവരും സഹകരിക്കാം.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular