തിരുവനന്തപുരത്ത് കാര്യങ്ങള്‍ കൈവിട്ട് പോകുന്ന അവസ്ഥ; രോഗ ബാധിതരെ കണ്ടെത്താന്‍ ആന്റിജന്‍ പരിശോധന

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് തലസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാന നഗരത്തിൽ രോഗബാധിതരെ കണ്ടെത്താൻ ആന്റിജൻ പരിശോധന നടത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തലസ്ഥാന നഗരത്തിൽ ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെന്നും ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

പല ജില്ലകളിലുമുള്ളവർ തിങ്ങിപ്പാർക്കുന്ന നഗരം കൂടിയാണ് തിരുവനന്തപുരം. തമിഴ്നാടിനോട് ചേർന്നാണ് തിരുവനന്തപുരം കിടക്കുന്നത്. കച്ചവടത്തിനായും ചികിത്സക്കായും നിരവധി ആളുകളാണ് തമിഴ്നാട്ടിൽനിന്ന് തിരുവനന്തപുരത്ത് വന്നുപോകുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും കുറച്ച് രോഗികൾ മാത്രമാണ് തിരുവനന്തപുരത്തുണ്ടായിരുന്നത്. മെയ് മൂന്ന് വരെ 13 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. അതിൽ 12 പേർ കേരളത്തിനു പുറത്തുനിന്ന് വന്നതും അഞ്ചുപേർ സമ്പർക്കത്തിലൂടെ രോഗം വന്നവരുമായിരുന്നു.

എന്നാൽ മെയ് നാലുമുതൽ ഇതുവരെ 277 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 216 പേർ കേരളത്തിന് പുറത്തുനിന്ന് വന്നവരാണ്. 61 പേർക്ക് സമ്പർക്കത്തിലുടെയാണ് രോഗം ബാധിച്ചത്. അടുത്തിടെ മണക്കാട്, പൂന്തുറ ഭാഗങ്ങളിൽ നിരവധി ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.

തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടാകുന്നതിനാൽ വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമാകുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസം സരോഗം സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ പലതിന്റെയും ഉറവിടം കണ്ടത്താൻ കഴിഞ്ഞിട്ടില്ല.

വളരെയേറെ ഓഫീസുകളും സെക്രട്ടേറിയേറ്റുമുള്ള ഇവിടെ പലസ്ഥലങ്ങളിൽ നിന്നുമാണ് ആളുകൾ വരുന്നത്. അതിനാൽ അവർക്ക് രോഗം വന്നാൽ പലസ്ഥലങ്ങളിലേക്ക് വ്യാപിക്കും. ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടെന്ന് വരും അതിനാലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്.

പൂന്തുറയിൽ മത്സ്യവിൽപ്പനക്കാരനിൽ നിന്ന് ഒമ്പത് പേർക്കാണ് രോഗം ബാധിച്ചത്. അവരിൽ നിന്ന് മറ്റുപലർക്കും രോഗം പകർന്നു. തുടർച്ചായി മത്സ്യം വാങ്ങി പലസ്ഥലങ്ങളിലേക്കും പോയ വ്യക്തി പലരുമായും സമ്പർക്കത്തിൽ വന്നിട്ടുണ്ട്. അതിനാൽ രോഗം ബാധിച്ചവരെ കണ്ടെത്താൻ ആന്റിജൻ ടെസ്റ്റ് നടത്തുന്നുണ്ട്.

പൂന്തുറ, വലിയ തുറ, ഫോർട്ട്, ആറ്റുകാൽ, മണക്കാട് എ്ന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ഇതിൽ കുറച്ചുപേർ പോസിറ്റീവായതിനാൽ അവരെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.അല്ലാത്തവരെ ക്വാറന്റീനിലാക്കി. ഈ മേഖലകളിൽ രോഗലക്ഷണം കാണിക്കുന്ന എല്ലാവരെയും പരിശോധിക്കും.
മത്സ്യക്കച്ചവടക്കാർ, ഭക്ഷ്യവിതരണക്കാർ തുടങ്ങിയവരെ പരിശോധിക്കും.

തിരുവനന്തപുരം കോർപ്പറേഷനിലെ ട്രിപ്പിൾ ലോക്ക് ഡൗണിനോി ജനങ്ങൾ നല്ലരീതിയിൽ സഹകരിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടുകൾ അറിയിച്ചവർക്ക് ഓൺലൈൻ ഭക്ഷണ വിതരണക്കാർക്കും സന്നദ്ധ സംഘടനകൾക്കും അനുവാദം നൽകിയിട്ടുണ്ട്.

അത്യാവശ്യം സന്ദർഭങ്ങളിൽ മാത്രമേ തിരുവനന്തപുരം നഗരത്തിന് അകത്തേക്കും പുറത്തേക്കും പോകാൻ അനുവാദമുള്ളു. മറ്റ് ജില്ലകളിൽ നിന്നുള്ള അത്യാസന്ന നിലകളിലുള്ള രോഗികൾക്ക് നഗരത്തിനകത്തെ സ്പെഷ്യലൈസ്ഡ് ആശുപത്രികളിലേക്ക് മാറ്റുന്നതുപോലുള്ള കാര്യങ്ങളാണ് അനുവദിക്കുക.

നേരത്തെ നിശ്ചയിച്ച ഏതാനും വിവാഹങ്ങൾ ഇന്ന് നടന്നിട്ടുണ്ട്. വരനും വധുവും അവരുടെ മാതാപിതാക്കളുമുൾപ്പെടെ വളരെ അടുത്ത ബന്ധുക്കളാണ് പങ്കെടുത്തത്‌. വിവാഹത്തെ തുടർന്നുള്ള സൽക്കാരം അവർ റദ്ദാക്കി. ഇരുകുടുംബത്തിൽ നിന്നും പരമാവധി 10 മാത്രം പങ്കെടുത്തുകൊണ്ടുള്ള ഇത്തരം വിവാഹങ്ങൾ അനുവദിക്കും. വിവരം ലോക്കൽ പോലീസ് സ്റ്റേഷനിൽ അറിയിക്കണം.

പലചരക്ക് കടകൾക്ക് രാവിലെ ഏഴു മുതൽ രാവിലെ 11 മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകി. ജനങ്ങൾക്ക് ഏറ്റവും അടുത്തുള്ള കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാം. അതിനായി അവർ സത്യവാങ്മൂലം കൈയ്യിൽ കരുതണം. പരിസരത്ത് ലഭ്യമല്ലാത്ത മെഡിക്കൽ ആവശ്യങ്ങൾക്കും വളരെ അത്യാവശ്യമായ മറ്റ് ആവശ്യങ്ങൾക്കും പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണ്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular