രാഹുൽ ഗാന്ധി ചൈനയെയും പാക്കിസ്ഥാനെയും സന്തോഷിപ്പിച്ചു: അമിത് ഷാ

ന്യൂഡൽഹി: പ്രധാനമന്ത്രിയെ ‘സറണ്ടർ മോദി’ എന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത് ചൈനയെയും പാക്കിസ്ഥാനെയും സന്തോഷിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ രംഗത്തെത്തിയത്.

‘ഞങ്ങൾക്ക് ഇന്ത്യൻ വിരുദ്ധ പ്രചാരണം കൈകാര്യം ചെയ്യാൻ പൂർണമായും കഴിവുണ്ട്. എന്നാൽ ഒരു വലിയ രാഷ്ട്രീയ പാർട്ടിയുടെ മുൻ അധ്യക്ഷൻ പ്രതിസന്ധി സമയത്ത് ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയം പുലർത്തുന്നത് വേദനാജനകമാണ്. അദ്ദേഹത്തിന്റെ ഹാഷ്‌ടാഗ് പാക്കിസ്ഥാനും ചൈനയും പ്രോത്സാഹിപ്പിക്കുന്നു. ഇത് അദ്ദേഹത്തിനും പാർട്ടിക്കും ആത്മപരിശോധനയ്ക്കുള്ള സമയമാണ്’– അമിത് ഷാ പറഞ്ഞു.

ലഡാക്ക് വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. ‘ആരും ഒരു ചർച്ചയിൽ നിന്നും ഒഴിഞ്ഞുമാറുന്നില്ല. പാർലമെന്റ് വിളിക്കാൻ പോകുന്നു. നമുക്ക് ഒരു ചർച്ച നടത്താം. 1962 മുതൽ ഇപ്പോൾ വരെ നമുക്ക് ചർച്ച ചെയ്യാം. അതിർത്തിയിൽ നമ്മുടെ ജവാൻമാർ പോരാടുകയും സർക്കാർ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഒരു സമയത്ത്, ചൈനയ്ക്കും പാക്കിസ്ഥാനും അനുകൂലമായ പ്രസ്താവന ഞങ്ങൾ നൽകേണ്ടതില്ല’– അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം ‘രണ്ടു യുദ്ധങ്ങളിലും’ വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു. നിയന്ത്രണ രേഖയിലെ പിരിമുറുക്കങ്ങളെയും കോവിഡിനെതിരായ പോരാട്ടത്തെയും പരാമർശിച്ചായിരുന്നു അമിത് ഷായുടെ പ്രസ്താവന.

Similar Articles

Comments

Advertismentspot_img

Most Popular