കോവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കില്ലെന്നു പറഞ്ഞിട്ടില്ല ;ചിലര്‍ കേരളത്തിനെതിരായി കുപ്രചാരണം നടത്തുന്നു

തിരുവനന്തപുരം : കോവിഡില്‍ കേരളത്തിനെതിരായി കുപ്രചാരണം നടത്തുന്നവരില്‍ കേന്ദ്ര സഹമന്ത്രിയും ഉള്‍പ്പെട്ടിരിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ആരോപണങ്ങള്‍ക്കു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കില്ലെന്നു സംസ്ഥാനം പറഞ്ഞിട്ടില്ല. അതിനെ മറ്റുതരത്തില്‍ പ്രചരിപ്പിക്കേണ്ടതില്ല. ഇതു പ്രവാസികള്‍ക്ക് എതിരാണെന്ന് പ്രചാരണം നടക്കുന്നു.

ദൗര്‍ഭാഗ്യവശാല്‍ കേന്ദ്ര സഹമന്ത്രിയും അതില്‍ പങ്കാളിയായി. ഇതേ മന്ത്രി മാര്‍ച്ച് 11ന് പറഞ്ഞതു രോഗമുള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തില്‍ യാത്ര ചെയ്താല്‍ രോഗം പകരാം. അതതു രാജ്യങ്ങളില്‍ പരിശോധന നടത്തി രോഗമുള്ളവരെ അവിടെത്തന്നെ ചികിത്സിക്കുകയാണു പ്രായോഗികം. ഇതായിരുന്നു അന്നത്തെ നിലപാട്. ഇപ്പോള്‍ അദ്ദേഹം േനരെ മാറി. കേരളം അത്തരം നിലപാട് എടുത്തിട്ടില്ല. രോഗമുള്ളവര്‍ അവിടെത്തന്നെ കഴിയട്ടെ എന്നു പറഞ്ഞിട്ടില്ല. പരിശോധന ഇല്ലാതെ വന്നാല്‍ കോവിഡ് പകരുമെന്ന് എല്ലാവര്‍ക്കും അറിയാം.

പിന്നീട് കേന്ദ്രമന്ത്രി പ്രതികരിച്ചത് ഇങ്ങനെയാണ്; ‘ഇദ്ദേഹത്തോട് ആരാണു പറഞ്ഞതു പരിശോധന ഇല്ലാതെയാണ് ആളുകളെ കൊണ്ടുവരുന്നതെന്ന്. അവിടെ പരിശോധന നടത്തിയശേഷമാണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. എല്ലാവരെയും വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ടെസ്റ്റിന് വിധേയമാക്കും’. ഇതു പറഞ്ഞയാളാണു കേരളം പരിശോധന ആവശ്യപ്പെട്ടപ്പോള്‍ മഹാപാതകം എന്നു പറയുന്നത്. പരിശോധന ഇല്ലാതെ ആളുകളെ കൊണ്ടുവരാന്‍ സാധിക്കില്ല എന്ന നിലപാടില്‍ സംസ്ഥാനം ഉറച്ചുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Similar Articles

Comments

Advertismentspot_img

Most Popular