തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട ഷൈജു സത്യന്റെ മരണത്തില്‍ ദുരൂഹത; സമീപത്തെ വീട്ടിലെ എസിയിലും മറ്റും കണ്ട ചോരക്കറ ഷൈജുവിന്റെത്; തനിക്ക് ചിലരുടെ വധഭീഷണിയുണ്ടെന്ന് ഭാര്യയെ ഫോണിലൂടെ അറിയിച്ചിരുന്നു

ശ്രീകാര്യം: രണ്ടുദിവസം മുന്‍പ് പരുക്കേറ്റ് ആശുപത്രിയിലെത്തിച്ച ശേഷം കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഐസിഐസിഐ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു പിന്നിലാണ് വര്‍ക്കല ചാവടിമുക്ക് മുട്ടപ്പലം തുണ്ടുവിള വീട്ടില്‍ പരേതനായ സത്യന്റെ മകന്‍ ഷൈജു സത്യനെ (41) മരിച്ച നിലയില്‍ കണ്ടത്. മുഖത്തേറ്റ ക്ഷതവും സമീപത്തും വീട്ടിലെ എസി യിലും മറ്റും കണ്ട ചോരപ്പാടുകളും ദുരൂഹത ഉയര്‍ത്തുന്നതായി പൊലീസ് അറിയിച്ചു.

രണ്ടു ദിവസം മുന്‍പ് ഷൈജു ഭാര്യയോടു തനിക്ക് ചിലരുടെ വധഭീഷണിയുണ്ടെന്നു ഫോണിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം റോഡില്‍ പരുക്കേറ്റുകിടന്ന ഷൈജുവിനെ പൊലീസ് ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെനിന്ന് അപ്രത്യക്ഷനായതിനു പിറകെയാണ് ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴക്കൂട്ടം അസി. കമ്മിഷണര്‍ ആര്‍. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.

പൊലീസ് പറയുന്നത് : വര്‍ക്കലയിലെ ഒരു റിസോര്‍ട്ടില്‍ ജോലി ചെയ്യുന്ന ഷൈജു പലപ്പോഴും മൂന്നും നാലും ദിവസം വീട്ടില്‍ നിന്നു മാറിനില്‍ക്കാറുണ്ട്. മൂന്നു ദിവസം മുന്‍പ് ഇതുപോലെ അപ്രത്യക്ഷമായി. എങ്കിലും ഫോണ്‍ ചെയ്ത് താന്‍ വര്‍ക്കലയിലുണ്ടെന്ന് അറിയിച്ചു. തനിക്ക് വധഭീഷണിയുണ്ടെന്നും ഭാര്യയോടു പറഞ്ഞു. തുടര്‍ന്ന്, ഞായറാഴ്ച ദേശീയപാതയില്‍ കല്ലമ്പലത്ത് തലയ്ക്കും മുഖത്തും പരുക്കേറ്റ നിലയില്‍ ഷൈജുവിനെ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കല്ലമ്പലം പൊലീസ് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ബൈക്കില്‍ തന്നെ പിന്‍തുടര്‍ന്നവര്‍ വെട്ടി വീഴ്ത്തിയെന്നാണ് ഷൈജു പൊലീസിനോടു പറഞ്ഞത്.

പരുക്ക് സാരമായതിനാല്‍ അവിടെ നിന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഒപി ടിക്കറ്റ് എഴുതിയ ഷൈജു അഡ്മിറ്റ് ആകും മുന്‍പ് അവിടെനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഭാര്യ അന്വേഷിച്ചെത്തിയെങ്കിലും കാണാനായില്ല. ഷൈജുവിനെ വീട്ടുകാര്‍ തിരയുന്നതിനിടയിലാണ് ഇന്നലെ രാവിലെ ശ്രീകാര്യത്ത് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ഒരാള്‍ക്ക് ഏറെ സാഹസപ്പെട്ടാലേ ഷൈജു മരിച്ചു കിടന്ന സ്ഥലത്തെത്താന്‍ സാധിക്കു. സമീപത്തെ വീട്ടിലെ എസിയിലും മറ്റും കണ്ട ചോരക്കറ ഷൈജുവിന്റെതാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും ദുരൂഹത നിലനില്‍ക്കുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കഴക്കൂട്ടം അസി. കമ്മിഷണര്‍ ആര്‍. അനില്‍കുമാര്‍ അറിയിച്ചു. സോണയാണ് മരിച്ച ഷൈജുവിന്റെ ഭാര്യ. മകന്‍ മൂന്നര വയസ്സുള്ള കെവിന്‍.

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular