രാജ്യത്ത് 10000ത്തോട് അടുത്ത് കോവിഡ് മരണങ്ങള്‍; ഇന്നലെ 10667 പുതിയ കേസുകള്‍

ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 10667 പോസിറ്റീവ് കേസുകളും 380 മരണവും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ ആറാം ദിവസവും 300 കടന്നിരിക്കുകയാണ് കൊവിഡ് മരണങ്ങള്‍. ഇതോടെ ആകെ സ്ഥിരീകരിച്ച കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 343091 ആയി. 9900 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ച്ചയായ ഏഴാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായി. 180012 പേര്‍ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 153178 ആയി. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 52.46 ആയി ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്ത് അറുപത് ശതമാനം കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നാണ് പുതിയ രോഗികളില്‍ ഏറെയും. ഗുജറാത്തില്‍ മരണം 1500ഉം ഡല്‍ഹിയില്‍ മരണം 1400ഉം കടന്നു. സിബിഐ അടക്കം കേന്ദ്ര ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരും, കമാന്‍ഡോകളും ഗ്രേറ്റര്‍ നോയിഡയിലെ പൊലീസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മഹാരാഷ്ട്രയില്‍ നിന്ന് 2786ഉം തമിഴ്നാട്ടില്‍ നിന്ന് 1843ഉം ഡല്‍ഹിയില്‍ നിന്ന് 1647ഉം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കേസുകള്‍ 11,000 കടന്ന് മുന്നേറുമ്പോള്‍ അറുപത് ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്. തമിഴ്നാട്ടില്‍ ആകെ രോഗബാധിതര്‍ 46504ഉം, മരണം 479ഉം ആയി. ചെന്നൈയില്‍ മാത്രം 1257 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ആകെ പോസിറ്റീവ് കേസുകള്‍ 33243 ആയി. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 73 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 1647 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 42829 ആയി.

ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 28 മരണവും 514 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 24104ഉം മരണം 1506ഉം ആയി. കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 7213 ആയി ഉയര്‍ന്നു. ഗ്രേറ്റര്‍ നോയിഡയിലെ പ്രത്യേക പൊലീസ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച എന്‍.ഐ.എ, ഐ.ബി ഏജന്‍സികളിലെ മൂന്ന് വീതം ഉദ്യോഗസ്ഥരെയും സി.ബി.ഐയിലെ ഒരു ഉദ്യോഗസ്ഥനെയും പ്രവേശിപ്പിച്ചു. എന്‍.എസ്.ജിയിലെ കരിമ്പൂച്ചകളും കമാന്‍ഡോകളും അടക്കം 45 പേരും ഇവിടെ ചികിത്സയില്‍ തുടരുകയാണ്. ഇതിന് പുറമെ 131 കേന്ദ്രസേന ഭടന്മാരും ചികിത്സയിലാണ്.

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular