‘മങ്കിഗേറ്റ്’ വിവാദം ഹര്‍ഭജനെ രക്ഷിച്ചത് സച്ചിന്റെ ആ മൊഴി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) കളിക്കുമ്പോള്‍ താന്‍ വംശീയാധിക്ഷേപത്തിന് വിധേയനായെന്ന വെസ്റ്റിന്‍ഡീസ് ക്രിക്കറ്റര്‍ ഡാരെന്‍ സമിയുടെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് സൃഷ്ടിച്ച വിവാദക്കൊടുങ്കാറ്റ് ഇനിയും ശമിച്ചിട്ടില്ല. 2013-14 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കളിക്കുമ്പോള്‍ സഹതാരങ്ങള്‍ ‘കാലു’ എന്ന് വിളിച്ച് പരിഹസിച്ചെന്നാണ് സമിയുടെ ആരോപണം. സമിയെ ഇതേ പേരില്‍ വിശേഷപ്പിച്ച് ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മ ഇന്‍സ്റ്റഗ്രാമിലിട്ട പഴയ പോസ്റ്റും ഇതിനിടെ ആരാധകര്‍ ‘കുത്തിപ്പൊക്കി’

ഫുട്‌ബോളില്‍ മാത്രമല്ല, ക്രിക്കറ്റിലും വംശീയ വിദ്വേഷമുണ്ടെന്നും കറുത്തവര്‍ഗക്കാരനായ താനും അതിന് ഇരയായിട്ടുണ്ടെന്നും വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ വെളിപ്പെടുത്തിയത് കഴിഞ്ഞാഴ്ചയാണ് . ക്രിക്കറ്റ് കളിക്കാന്‍ ലോകം മുഴുവന്‍ സഞ്ചരിച്ച തനിക്കെതിരെ വംശീയാധിക്ഷേപം പല തവണ ഉണ്ടായിട്ടുണ്ടെന്നും ഗെയ്ല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

അതേസമയം ‘മങ്കിഗേറ്റ്’ വിവാദ-ഓസ്ട്രേലിയയുടെ ആന്‍ഡ്രൂ സൈമണ്ട്സിനെ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ‘കുരങ്ങന്‍’ എന്ന് അധിക്ഷേപിച്ചത് വന്‍വിവാദമുയര്‍ത്തിയ സംഭവമാണ്. 2008ലെ സിഡ്‌നി ടെസ്റ്റിനിടയ്ക്കാണ് വിവാദത്തിന് വഴിവച്ച സംഭവം അരങ്ങേറിയത്. ഹര്‍ഭജന്‍ തന്നെ കുരങ്ങന്‍ എന്നു വിളിച്ചു എന്നതായിരുന്നു സൈമണ്ട്‌സിന്റെ ആരോപണം. അന്ന് വംശീയ അധിക്ഷേപ ആരോപണത്തില്‍നിന്നു ഹര്‍ഭജന്‍ സിങ്ങിനെ രക്ഷപെടുത്തിയത് സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മൊഴിയാണ്.

‘മാ കി….'(അമ്മയെപ്പറ്റി ഹിന്ദിയില്‍ അസഭ്യം) എന്നാണ് ഹര്‍ഭജന്‍ പറഞ്ഞതെന്ന് സച്ചിന്‍ മൊഴി നല്‍കിയതോടെ സച്ചിനെതിരെയും ഓസ്‌ട്രേലിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ‘മങ്കി’ (കുരങ്ങ്) എന്ന് ഓസ്ട്രേലിയന്‍ താരങ്ങള്‍ തെറ്റിദ്ധരിച്ചാതാവാമെന്ന നിഗമനത്തോട് ഒടുവില്‍ സൈമണ്ട്സിനും യോജിക്കേണ്ടി വന്നു. എന്നാല്‍, സംഭവം നടന്നു 3 വര്‍ഷത്തിനുശേഷം മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ ഒന്നിച്ചു കളിക്കുന്നതിനിടെ ഹര്‍ഭജന്‍ തന്നോടു മാപ്പുപറഞ്ഞെന്നും പൊട്ടിക്കരഞ്ഞെന്നും സൈമണ്ട്‌സ് വെളിപ്പെടുത്തിയിരുന്നു.

2007ല്‍ വഡോദരയില്‍ ഇന്ത്യഓസീസ് ഏകദിന മല്‍സരം നടക്കുമ്പോള്‍ കാണികളും സൈമണ്ട്‌സിനെ കുരുങ്ങന്‍ എന്ന് വിളിച്ച് കളിയാക്കിയിരുന്നു. എന്നാല്‍ കാണികളില്‍ നിന്നു വംശീയാധിക്ഷേപത്തിന്റെ ചുവയുള്ള ഒന്നുമുണ്ടായില്ലെന്നും ‘ഗണപതിപപ്പാ മോറിയ’ എന്നു ഗാലറിയില്‍ നിന്നു കേട്ടതു സൈമണ്ട്സ് തെറ്റിദ്ധരിച്ചതാവാനാണ് ഇടയെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ അന്ന് വിശദീകരിച്ചത്.

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular