മെഡിക്കല്‍ കോളജില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന വീഴ്ചകളില്‍ അതൃപ്തി, മെഡിക്കല്‍ കോളജ് അധികൃതരെ ശാസിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന വീഴ്ചകളില്‍ അതൃപ്തിയറിയിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ രണ്ടു പേര്‍ ജീവനൊടുക്കിയ സംഭവം ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കണമെന്ന് ഉത്തരവിട്ട മന്ത്രി, മെഡിക്കല്‍ കോളജ് അധികൃതരെ വിളിച്ചു വരുത്തി ശാസിക്കുകയും ചെയ്തു.

കോവിഡ് രോഗമുക്തിയെത്തുടര്‍ന്ന് ആശുപത്രി വിടാനിരുന്നയാളും രോഗലക്ഷണത്തെത്തുടര്‍ന്നു ചികിത്സയ്‌ക്കെത്തിയയാളും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ ആറു മണിക്കൂറിനിടെയാണ് തൂങ്ങിമരിച്ചത്. മദ്യാസക്തി കാരണമുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്ന ഇരുവരേയും നിരീക്ഷിക്കുന്നതില്‍ ആശുപത്രി അധികൃതരില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നു വിമര്‍ശനമുയരുന്നുണ്ട്.

കഴിഞ്ഞ ദിവസം കോവിഡ് വാര്‍ഡില്‍നിന്നു മുങ്ങി വീട്ടിലെത്തി അവിടെ നിന്നു പൊലീസ് തിരികെ ആശുപത്രിയിലെത്തിച്ച നെടുമങ്ങാട് ആനാട് തടത്തരികത്തു വീട്ടില്‍ ഉണ്ണി (33), നെടുമങ്ങാട് നെട്ട മണക്കോട് പഞ്ചിയമ്മന്‍ ദേവീ ക്ഷേത്രത്തിനു സമീപം ശ്രീനിലയത്തില്‍ മുരുകേശന്‍ (48) എന്നിവരാണു ജീവനൊടുക്കിയത്. ഉണ്ണി ഇന്നലെ രാവിലെ 11.30 നും മുരുകേശന്‍ വൈകിട്ട് 5.30 നുമാണ് മരിച്ചത്.

ചൊവ്വാഴ്ച ഐസലേഷന്‍ വാര്‍ഡില്‍നിന്ന് ആശുപത്രി വേഷത്തില്‍ ഇറങ്ങിപ്പോയി നാട്ടിലെത്തി കറങ്ങിനടന്ന ഉണ്ണിയെ തിരിച്ചറിഞ്ഞ നാട്ടുകാരാണ് പൊലീസിലറിയിച്ചത്. പൊലീസ് തിരികെയെത്തിക്കുകയായിരുന്നു. പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഉണ്ണിയെ വീട്ടിലേക്കു വിടാനുള്ള ഒരുക്കത്തിലായിരുന്നു. കഴിക്കാനുള്ള മരുന്നുകളുടെ കാര്യമറിയിക്കാന്‍ ചെന്ന നഴ്‌സ് ഇദ്ദേഹം തൂങ്ങിനില്‍ക്കുന്നതാണു കണ്ടത്. ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇയാളുടെ അസ്വസ്ഥതകള്‍ വ്യക്തമായിരുന്നിട്ടും ശ്രദ്ധക്കുറവുണ്ടായെന്നാണ് വിലയിരുത്തല്‍. കോവിഡ് ലക്ഷണങ്ങളെത്തുടര്‍ന്നു മുരുകേശനെ ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധനാ ഫലം വന്നിട്ടില്ല.

ആദ്യ മരണത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണത്തിന് നിര്‍ദേശിച്ച ആരോഗ്യമന്ത്രി, രണ്ടാമത്തെ മരണമുണ്ടായതോടെ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പിന്നാലെ മെഡിക്കല്‍ കോളജ് അധികൃതരെ വിളിച്ചു വരുത്തി ശാസിച്ചു.

കോവിഡ് ബാധിച്ചു മരിച്ച വൈദികന്റെ സ്രവ പരിശോധന വൈകിയതും കോവിഡ് ലക്ഷണമുള്ള പ്രവാസിയെ വീട്ടിലേക്ക് അയച്ചതും വിവാദമായിരുന്നു. രണ്ടാം തീയതി മരിച്ച വൈദികന്‍ ഒരു മാസം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു. 20 ന് ഡിസ്ചാര്‍ജ് ചെയ്ത ഇദ്ദേഹത്തെ 23 ന് പനി ബാധിച്ച് ചികില്‍സയ്‌ക്കെത്തിച്ചെങ്കിലും ആശുപത്രി അധികൃതര്‍ കാര്യമായെടുത്തില്ലെന്നും സ്രവപരിശോധന വൈകിയെന്നും പരാതിയുണ്ട്. വൈദികന്റെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.

കഴിഞ്ഞയാഴ്ച ദുബായില്‍ നിന്ന് കോവിഡ് ലക്ഷണങ്ങളോടെ എത്തിയ പ്രവാസിയെ പരിശോധനാ ഫലം വരുന്നതിനു മുമ്പ് വീട്ടിലേക്കയച്ചതും വിവാദമായിരുന്നു. കോവിഡ് സ്ഥിരീകരിച്ച ഇയാളെ പിന്നീട് തിരിച്ചു വിളിക്കുകയായിരുന്നു. വീഴ്ച പറ്റിയെന്ന് ആരോഗ്യ മന്ത്രി സമ്മതിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ആശുപത്രിയിലെ അണുനിയന്ത്രണ സംവിധാന കാര്യക്ഷമമല്ലാത്തതിനേക്കുറിച്ചും വ്യാപക വിമര്‍ശനമുണ്ട്.

Follo us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular